karnataka-minister

ബംഗളൂരു: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാനിരുന്ന കോൺഗ്രസിന് തിരിച്ചടി നൽകി കർണാടക മന്ത്രിസഭയിൽ നിന്നും ബി.എസ്.പി അംഗം രാജിവച്ചു. കോൺഗ്രസ് സഖ്യത്തിലേക്കില്ലെന്ന് ബി.എസ്.പി നേതാവ് മായാവതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കുമാരസ്വാമി മന്ത്രിസഭയിൽ പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്‌തിരുന്ന എൻ.മഹേഷാണ് രാജിവച്ചത്. കർണാടകയിൽ കോൺഗ്രസ് - ജെ.ഡി.എസ് സഖ്യസർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയുണ്ടായ രാജി കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിപ്പിച്ചിട്ടുണ്ട്.

എന്നാൽ മന്ത്രിസഭയിൽ നിന്നും രാജിവച്ചെങ്കിലും സർക്കാരിനെ പുറത്ത് നിന്നും പിന്തുണയ്‌ക്കുമെന്ന് മഹേഷ് അറിയിച്ചു. ചില വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാജി. ഇക്കാര്യത്തിൽ മായാവതിയുമായി ചർച്ച നടത്തിയിട്ടില്ല. തന്റെ മണ്ഡലത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. മന്ത്രിപദം രാജിവച്ചെങ്കിലും എം.എൽ.എയായി താൻ തുടരും. മുഖ്യമന്ത്രി എച്.ഡി.കുമാരസ്വാമിക്കും സർക്കാരിനും താൻ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹേഷിന്റെ രാജി വിഷയത്തിൽ ഇതുവരെ ബി.എസ്.പി പ്രതികരിച്ചിട്ടില്ല.

പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാവായ മായാവതി കഴിഞ്ഞ ദിവസമാണ് തന്റെ പാർട്ടി മദ്ധ്യപ്രദേശ്, രാജസ്ഥാൻ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചത്. എന്നാൽ 2019 തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വവുമായി സഹകരിക്കുന്ന കാര്യത്തിൽ ചർച്ചകളാകാമെന്നും മായാവതി പറഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.എസ്.പിയുമായി ചർച്ചകൾ നടത്തുകയാണെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.