titli-cyclone

1. തിത്‌ലി ചുഴലിക്കാറ്റ് തീരം തൊട്ടതിനെ തുടർന്ന് ആന്ധ്ര, ഒഡീഷ തീരത്ത് അതീവ ജാഗ്രത. കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 165 കിലോമീറ്റർ. ഒഡീഷയുടെ തെക്കു കിഴക്കൻ മേഖലകളിൽ കനത്ത മഴ തുടരുന്നു. ഇന്ന് പുലർച്ചയോടെ ആണ് കാറ്റ് ഒഡീഷാ തീരത്തേക്ക് എത്തിയത്. ആന്ധ്രയിലെ കലിംഗപട്ടണത്തിൽ കാറ്റിന് വേഗം മണിക്കൂറിൽ 56 കിലോമീറ്ററാണ് രേഖപ്പെടുത്തിയത്. ശക്തമായ കാറ്റിനെ തുടർന്ന് മൂന്നുലക്ഷം പേരെ ഒഴിപ്പിച്ചു. മരങ്ങൾ വേരോടെ പിഴുതെറിയപ്പെട്ടതായും ഇലക്ട്രീക് പോസ്റ്റുകൾക്കും മൺകുടിലുകൾക്കും നാശം വന്നതായി റിപ്പോർട്ട്.

2. ഒഡിഷയിലെ അഞ്ചു ജില്ലകളിൽ കനത്തമഴയ്ക്കു പുറമെ മണ്ണിടിച്ചിലും. കാറ്റ് ശക്തമാകുന്ന ആന്ധയിൽ മരിച്ചവരുടെ എണ്ണം എട്ടായി. ചുഴലിക്കാറ്റിൽ കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന അന്തർ സംസ്ഥാന ലൈനുകൾ തകരാറിൽ ആയതിനാൽ കേരളത്തിൽ ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ 20 മിനിട്ട് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത എന്ന് സൂചന. അതിനിടെ, അറബിക്കടലിൽ മണിക്കൂറിൽ 135 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യത ഉള്ളതിനാൽ മത്സ്യ തൊഴിലാളികൾക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

3. പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമ്മാണത്തിനായി 27000 കോടി രൂപ വേണമെന്ന് യു.എൻ റിപ്പോർട്ട്. സർക്കാരിന് സമർപ്പിച്ചത്, ഐക്യരാഷ്ട്ര സഭ തയ്യാറാക്കിയ പോസ്റ്റ് ഡിസാസ്റ്റർ നീഡ് അനാലിസിസ് റിപ്പോർട്ടിന്റെ കരട് സർക്കാരിന് സമർപ്പിച്ചു. അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിലെ റോഡുകളുടെ നിർമ്മാണത്തിന് വേണ്ടത് 8554 കോടി രൂപ. ഭവന നിർമ്മാണ മേഖലയ്ക്ക് 5659 കോടിയുംജലസേചനത്തിന് 1484 കോടി രൂപയും വേണം.

4. വാട്ടർ ആൻഡ് സാനിട്ടേഷന് വേണ്ടത് 1331 കോടി രൂപ. കേരളത്തെ രൂപപ്പെടുത്തേണ്ടത് പരിസ്ഥിതി സൗഹൃദവും പ്രകൃതി ക്ഷോഭങ്ങളെ കുറിച്ച് അറിവുള്ളതുമായ ഹരിത സംസ്ഥാനമാക്കി വേണമെന്ന് റിപ്പോർട്ടിൽ നിർദ്ദേശം. ജലത്തിന്റെ ലഭ്യതയ്ക്കും ഒഴുക്കിനും അനുസരിച്ച് നെതർലണ്ട്സ് മാതൃകയിൽ കേരളം ജലനയം രൂപീകരിക്കണം. റിപ്പോർട്ട് തയ്യാറാക്കിയത്, 72 വിദഗ്ധർ പത്ത് ജില്ലകൾ സന്ദർശിച്ച ശേഷം.

5. എം.ടി വാസുദേവൻ നായരുടെ രണ്ടാമൂഴത്തിന്റെ തിരക്കഥയിൽ സംവിധായകൻ ശ്രീകുമാർ മേനോൻ സിനിമ ഒരുക്കുന്നത് തടഞ്ഞ് കോടതി. എം.ടിയുടെ ഹർജി ഫയലിൽ സ്വീകരിച്ച് ഉത്തരവിട്ടത് കോഴിക്കോട് മുൻസിഫ് കോടതി. കേസ് ഈമാസം 25ന് വീണ്ടും പരിഗണിക്കും. കേസിൽ സംവിധായകനും നിർമ്മാതാവിനും കോടതി നോട്ടീസ് അയച്ചു. കേസ് തീർപ്പാകുന്നത് വരെ എം.ടി നൽകിയ ഇംഗ്ലീഷ്, മലയാളം തിരക്കഥകൾ ഉപയോഗിക്കരുത് എന്നും കോടതി.

6. എം.ടി കോടതിയെ സമീപിച്ചത്, സംവിധായകനുമായുള്ള കരാർ അവസാനിച്ചു എന്നും തിരക്കഥ തിരികെ വേണം എന്നും ആവശ്യപ്പെട്ട്. നാലുവർഷം മുൻപാണ് ശ്രീകുമാർ മേനോനുമായി കരാർ ഉണ്ടാക്കിയത്. മൂന്നുവർഷത്തിനകം ചിത്രീകരണം തുടങ്ങണം എന്നായിരുന്നു വ്യവസ്ഥ. ഒരു വർഷം കൂടി സമയം നീട്ടിനൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും എം.ടിയുടെ ആരോപണം. അതേസമയം, രണ്ടാമൂഴം നടക്കും എന്നും എത്രയും വേഗം തെറ്റിദ്ധാരണ മാറ്റും എന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ ശ്രീകുമാർ മേനോന്റെ പ്രതികരണം.

7. ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തിൽ നിലപാട് മയപ്പെടുത്തി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സുപ്രീംകോടതി വിധി നിരാശാജനകം. കോടതി വിധി അപ്രസക്തം. വിധി മറികടക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിയമ നിർമ്മാണം നടത്തണം. പ്രതിഷേധത്തിൽ എസ്.എൻ.ഡി.പി പ്രവർത്തകർ പങ്കെടുക്കുന്നതിനെ എതിർക്കില്ല. ആചാരങ്ങൾ സംരക്ഷിക്കാൻ നിയമ നിർമ്മാണം നടത്തണം എന്നും വെള്ളാപ്പള്ളി നടേശൻ.

8. നാഥനില്ലാത്ത സമരത്തിന് ആളെ കൂട്ടേണ്ട ഗതികേട് എസ്.എൻ.ഡി.പിക്ക് ഇല്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി സംസ്ഥാന സർക്കാരിന് ഒപ്പം നിൽക്കാൻ എസ്.എൻ.ഡി.പിക്ക് ബാധ്യത ഇല്ലെന്നും വ്യക്തമാക്കി. സമരത്തിൽ സംസ്ഥാന സർക്കാരിന് എതിരെയും വെള്ളാപ്പള്ളിയുടെ പ്രതികരണം. സർക്കാർ ഇരന്നു വാങ്ങിയ സാഹചര്യം. സുപ്രീംകോടതി വിധി ജനങ്ങൾ മറികടക്കും. സമരത്തിന് മുൻപ് ഹിന്ദു സംഘടനകളുടെ യോഗം വിളിക്കണം ആയിരുന്നു. എൻ.എസ്.എസ് സമരം കലാപത്തിനുള്ള കോപ്പ് കൂട്ടൽ എന്ന നിലപാട് ആവർത്തിച്ചും വെള്ളാപ്പള്ളിയുടെ വാർത്താ സമ്മേളനം.

9. റഫാൽ കരാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഴിമതി നടത്തിയെന്ന് ആവർത്തിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. അനിൽ അംബാനിയുടെ പ്രധാനമന്ത്രിയാണ് മോദി എന്നും രാഹുൽ. കുറ്റക്കാരെ സംരക്ഷിക്കുന്നത് മോദി സർക്കാരാണ്. പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിലേക്ക് പോയതിനെയും രാഹുൽ ചോദ്യം ചെയ്തു.

10. പലതും പുറത്തുവരാതെ മറച്ചുവെയ്ക്കാനാണ് നിർമ്മല സീതാരാമൻ ഫ്രാൻസ് സന്ദർശിക്കുന്നത് എന്നും രാഹുൽ. കോൺഗ്രസ് അദ്ധ്യക്ഷന്റെ ആരോപണം, റഫാൽ കരാർ യാഥാർത്ഥ്യം ആകണം എങ്കിൽ റിലയൻസിനെ പങ്കാളിയാക്കണം എന്ന് നിർമ്മാതാക്കളായ ദസ്സോയ്ക്ക് മുന്നിൽ ഇന്ത്യ നിർബന്ധം പിടിച്ചതായി ഫ്രഞ്ച് മാദ്ധ്യമം വെളിപ്പെടുത്തിയതിന് പിന്നാലെ