തിരുവനന്തപുരം: പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ സംസ്ഥാനത്ത് ആരംഭിച്ച പ്രതിഷേധങ്ങൾക്ക് ശക്തി പകരാൻ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുമെന്ന വാർത്തകളോട് പ്രതികരണവുമായി കുമ്മനം രാജശേഖരൻ. തിരികെ എത്തുമെന്ന വാർത്തകളെ കുറിച്ച് അറിവില്ലെന്നും രാഷ്ട്രപതി പറയുന്നത് അനുസരിക്കാൻ മാത്രമാണ് സാധിക്കുകയുള്ളുവെന്നും അദ്ദേഹം ഒരു ഓൺലെെൻ മാദ്ധ്യമത്തോട് പ്രതികരിച്ചു.
തന്റെ താത്പര്യമനുസരിച്ചാണ് പ്രവർത്തിക്കുന്നതെങ്കിൽ ഇന്ന് മിസോറാം ഗവർണറായി ഇരിക്കേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ നിക്ഷ്പ്തമായിട്ടുള്ള ചുമതല ഭംഗിയായി ചെയ്യുന്നുണ്ടെന്നും രാഷ്ട്രപതി എന്ത് കേൾക്കുന്നുവോ അത് കേൾക്കാൻ താൻ തയ്യാറാണ്.ഗവർണർ എന്ന നിലയിൽ ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് അഭിപ്രായം പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പ്രതിഷേധങ്ങൾ നടത്തിയതിൽ സംഘപരിവാർ സംഘടനകളും ബി.ജെ.പിയും തമ്മിൽ ഏകോപനക്കുറവ് ഉണ്ടായെന്ന് വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കുമ്മനം രാജശേഖരൻ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരികയാണെന്ന് അഭ്യൂഹങ്ങൾ ഉയർന്നത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെപി സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കുമ്മനത്തെ മിസോറം ഗവർണറായി നിയമിക്കാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചത്.