prathwi
cricket

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ഹൈദരാബാദിൽ തുടക്കം ഹൈദരാബാദ് : രാജ്കോട്ടിൽ നടന്ന ആദ്യ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാർജിനിൽ വിജയം കണ്ട ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്നു ഹൈദരാബാദിൽ രണ്ടാം ടെസ്റ്റിനിറങ്ങുന്നു. ഇൗ മത്സരം കൂടി ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര നേടാം.. ‌മാറ്റമില്ലാതെ ഇന്ത്യ ആദ്യടെസ്റ്റിൽ ഒരു ഇന്നിംഗ്സിനും 272 റൺസിനും ജയിച്ച ടീമിൽ ഒരു മാറ്റവും വരുത്താതെയാണ് ഇന്ത്യ രണ്ടാംടെസ്റ്റിനിറങ്ങുന്നത്. പുതിയരീതിയിൽ 12 അംഗ ടീമിനെ മത്സരത്തലേന്ന് പ്രഖ്യാപിക്കുകയും ചെയ്തു. രാജ്കോട്ടിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 649/9 എന്ന സ്കോർ ഉയർത്തിയശേഷം രണ്ട് ഇന്നിംഗ്സുകളിലും വിൻഡീസിനെ ആൾ ഒൗട്ടാക്കുകയായിരുന്നു. രണ്ട് ഇന്നിംഗ്സുകളിലുമായി 99 ഒാവർ മാത്രമേ ഇന്ത്യയ്ക്ക് എറിയേണ്ടിയും വന്നുള്ളൂ. അടുത്തമാസം തുടങ്ങുന്ന ആസ്ട്രേലിയൻ പര്യടനത്തിന്റെ പരിശീലനാർത്ഥമാണ് ഇന്ത്യ വിൻഡീസിനെ നേരിടാനിറങ്ങിയത്. രാജ്കോട്ടിൽ ബാറ്റിംഗിലും ബൗളിംഗിലും ആ ലക്ഷ്യത്തിലേക്ക് എത്തുകയും ചെയ്തു. നായകൻ വിരാട് കൊഹ്‌ലിയും (139), അരങ്ങേറ്റക്കാരൻ പൃഥ്വി ഷായും (134), ആൾ റൗണ്ടർ രവീന്ദ്ര ജഡേജയുമടക്കം (100 നോട്ടൗട്ട്) മൂന്ന് പേരാണ് സെഞ്ച്വറികൾ നേടിയത്. ചേതേശ്വർ പുജാരയും (86) ,ഋഷഭ് പന്തും (92) അർദ്ധ സെഞ്ച്വറികളും നേടി. അശ്വിൻ ആദ്യ ഇന്നിംഗ്സിൽ നാലുവിക്കറ്റും രണ്ടാം ഇന്നിംഗങ്ങസിൽ രണ്ട് വിക്കറ്റുകളും വീഴ്ത്തി. കുൽദീപ് രണ്ടാം ഇന്നിംഗ്സിൽ അഞ്ചുവിക്കറ്റ് സ്വന്തമാക്കി. ജഡേജയ്ക്ക് ഇരട്ട ഇന്നിംഗ്സുകളിൽ നിന്നുമായി നാല് വിക്കറ്റുകൾ ലഭിച്ചു. പ്വഥ്വി വിസ്പമയം നവാഗതനായ കൗമാര വിസ്മയം പ്വഥ്വി ഷായുടെ സെഞ്ച്വറി അരങ്ങേറ്റമാണ് ഇന്ത്യൻ ടീമിന് ഉണർവ് നൽകിയിരിക്കുന്നത്. രഞ്ജി ട്രോഫിയും ദുലീപ് ട്രോഫിയിലുമൊക്കെ സെഞ്ച്വറികൊണ്ട് അരങ്ങേറ്റം നടത്തിയ പതിവ് പൃഥ്വി ടെസ്റ്റിലും ആവർത്തിക്കുകയായിരുന്നു. ഇൗ ഒരൊറ്റ ഇന്നിംഗ്സുകൊണ്ടുതന്നെ സച്ചിന്റെ പിൻഗാമിയായി ഷാ വാഴ്ത്തപ്പെടുകയാണ്. ആദ്യ മത്സരങ്ങളിൽ വെസ്റ്റ് ഇൻഡീസിനെപ്പോലൊരു ദുർബല ബൗളിംഗ് നിരയെ നേരിടാനാകുന്നത് പൃഥ്വിക്ക് ആത്മവിശ്വാസം ഏറ്റിയിട്ടുണ്ട്. പൃഥ്വിയെപ്പോലെതന്നെ ഇന്ത്യൻ നിരയ്ക്ക് ഉൗർജ്ജം പകരുന്ന യുവ സാന്നിദ്ധ്യമാണ് ഋഷഭ് പന്തിന്റേതും. ഇംഗ്ളണ്ട് പര്യടനത്തിൽ അരങ്ങേറിയ പന്ത് രാജ്കോട്ടിൽ അർദ്ധ സെഞ്ച്വറിക്ക് പുറമേ വിക്കറ്റിന് പിന്നിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. പരിചയ സമ്പന്നരായ അജിങ്ക്യ രഹാനെ ചേതേശ്വർ പുജാര, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, അശ്വിൻ, ജഡേജ എന്നിവരും ഇന്ത്യൻ നിരയിലുണ്ട്. പ്രതീക്ഷയില്ലാതെ വിൻഡീസ് ഹൈദരാബാദിൽ അത്ഭുതകങ്ങളൊന്നും നടക്കുമെന്ന് വിൻഡീസിന് പ്രതീക്ഷയില്ല. സാക്ഷാൽ ലാറ ഇറങ്ങിയാലും ഇന്ത്യൻ മണ്ണിൽ വിജയിക്കാൻ കഴിയില്ലെന്ന് ക്യാപ്ടൻ ജാസൺ ഹോൾഡർ തന്നെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ആദ്യടെസ്റ്റിൽ പരിക്കുമൂലം കളിക്കാൻ കഴിയാതിരുന്ന ഹോൾഡർ ഇന്ന് ഇറങ്ങിയേക്കും. കെമർ റോഷിന്റെ തിരിച്ചുവരവ് വിൻഡീസ് ബൗളിംഗിന് ആശ്വാസമാകും. വൺഡേയിലും പന്തെത്തി ഹൈദരാബാദ് : വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ ദിനേഷ് കാർത്തികിന് പകരം ഋഷഭ് പന്തിനെ ഉൾപ്പെടുത്തി. ഏഷ്യാകപ്പിൽ നിന്ന് വിട്ടുനിന്ന വിരാട് കൊഹ്‌ലി ക്യാപ്ടൻ സിയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഇൗ മാസം 21ന് ഗോഹട്ടിയിലാണ് ആദ്യ മത്സരം. ഇന്ത്യൻ ടീം കൊഹ്‌‌ലി (ക്യാപ്ടൻ), രോഹിത് , ശിഖർ ധവാൻ , അമ്പാട്ടി റായ്ഡു, മനീഷ് പാണ്ഡെ, ധോണി, ഋഷഭ് പന്ത്, രവീന്ദ്രജഡേജ, യുസ്‌വേന്ദ്ര ചഹൽ, കുൽ ദീപ് യാദവ്, ഷമി, ഖലീൽ അഹമ്മദ്, ശാർദ്ദൂൽ താക്കൂർ, കെ.എൽ. രാഹുൽ. 4 ടെസ്റ്റുകളാണ് ഇന്ത്യ ഇതുവരെ ഹൈദരാബാദിൽ കളിച്ചിട്ടുള്ളത്. ഇതിൽ മൂന്നിലും ജയിക്കുകയും ചെയ്തു. 2010 ൽ കിവീസിനെതിരെ നടന്ന ടെസ്റ്റ് മാത്രമാണ് സമനിലയിലായത്.