തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് അപേക്ഷയുമായി വീട്ടമ്മ രംഗത്ത്. കോഴഞ്ചേരി ചെറുകോൽ വടക്കേ പാരൂർ വീട്ടിൽ ശിവൻപിള്ളയുടെ ഭാര്യ മണിയമ്മയാണ് മാപ്പപേക്ഷയുമായി എത്തിയത്. ചാനൽ പ്രവർത്തകന്റെ ചോദ്യത്തിന് മുന്നിൽ അയ്യപ്പനെ ഓർത്ത് അങ്ങനെ പറഞ്ഞതാണെന്നും ആരെയും അവഹേളിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും മണിയമ്മയുടേതായി പുറത്തുവന്ന വീഡിയോയിൽ വ്യക്തമാക്കുന്നു. ഒരു അമ്മയെന്ന പരിഗണന നൽകി തന്നോട് ക്ഷമിക്കണമെന്നും ഇവർ വീഡിയോയിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ വച്ച് മണിയമ്മയും മറ്റൊരു സ്ത്രീയും ചേർന്ന് മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുകയും തെറിവിളിക്കുകയും ചെയ്‌തത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തി. സംഭവത്തിൽ എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ മുൻ സെക്രട്ടറിയും ചെങ്ങന്നൂർ യൂണിയൻ മുൻ കൺവീനറുമായ സുനിൽ കുമാറിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മണിയമ്മ മാപ്പ് പറച്ചിലുമായി രംഗത്തെത്തിയത്.