മുംബൈ: ബോളിവുഡ് താരം തനുശ്രീ ദത്തയുടെ ലൈംഗിക അതിക്രമ പരാതിയിൽ നടൻ നാനാ പടേക്കർക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. നിർമ്മാതാവ് സമി സിദ്ദീഖി, നൃത്ത സംവിധായകൻ ഗണേശ് ആചാര്യ, സംവിധായകൻ രാകേഷ് സാരംഗ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. തനുശ്രീയുടെ പരാതിയിൽ എന്ത് നടപടിയെടുത്തു എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വനിതാ കമ്മീഷൻ മുംബൈ പൊലീസിന് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഐ.പി.സി സെക്ഷൻ 354, 509 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇപ്പോൾ അറസ്റ്റുണ്ടാകില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എ.സി.പി മനോജ് കുമാർ ശർമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു. 2008-ൽ ഹോൺ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ ഗാനചിത്രീകരണ വേളയിലാണ് നാനാപടേക്കർ ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു 10വർഷത്തിന് ശേഷം തനുശ്രീദത്തയുടെ വെളിപ്പെടുത്തൽ.എന്നാൽ, തനുശ്രീയുടെ ആരോപണം കള്ളമാണെന്ന് നാന പടേക്കർ പ്രതികരിച്ചു. നൂറോളം പേർക്ക് മുന്നിൽ, വച്ച് താൻ എന്ത് പീഡനം നടത്താനാണെന്നും ആരോപണത്തെ നിയമപരമായി നേരിടാൻ പോവുകയാണെന്നുമായിരുന്നു നാന പടേക്കറിന്റെ പ്രതികരണം.