telangana

ന്യൂഡൽഹി: തെലങ്കാനയിലെ പ്രശസ്‌ത സാമൂഹിക പ്രവർത്തകയും മുതിർന്ന കോൺഗ്രസ് നേതാവ് സി.ദാമോദർ രാജനരസിംഹയുടെ ഭാര്യയുമായ പദ്മിനി റെഡ്ഡി ബി.ജെ.പിയിൽ ചേർന്നു. നരേന്ദ്ര മോദി സർക്കാരിന്റെ വനിതാക്ഷേമ പ്രവർത്തനങ്ങളിൽ അകൃഷ്‌ടയായാണ് താൻ ബി.ജെ.പിയിൽ ചേർന്നതെന്ന് പദ്മിനി പ്രതികരിച്ചു. വിഭജന കാലത്തിന് മുമ്പ് ആന്ധ്രാപ്രദേശിന്റെ ഉപമുഖ്യമന്ത്രി പദവി വഹിച്ചിട്ടുള്ളയാളാണ് പദ്മിനിയുടെ ഭർത്താവ് ദാമോദർ.അതേസമയം, ഭാര്യയാണെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിക്കുന്നതിനുള്ള അവകാശം ഓരോരുത്തർക്കുമുണ്ടെന്നും ഇക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്നും ദാമോദർ പറഞ്ഞു.

വ്യാഴാഴ്‌ച ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ.ലക്‌ഷ്‌മണനാണ് പദ്മിനിയെ സ്വാഗതം ചെയ്‌തത്. തന്റെ പ്രവർത്തന മണ്ഡലങ്ങളിൽ പദ്മിനി ചെയ്‌ത സന്നദ്ധ പ്രവർത്തനങ്ങൾ വിലമതിക്കാൻ ആവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. തെലുങ്കാനയിൽ നിന്ന് വിവാഹം കഴിച്ച നിർമലാ സീതാരാമനെ ബി.ജെ.പി പ്രതിരോധമന്ത്രിയാക്കിയെന്നും മറ്റൊരു വനിതയെ ലോക്‌സഭ സ്‌പീക്കറാക്കിയെന്നും ലക്‌ഷ്‌മണൻ വിശദീകരിച്ചു. ബി.ജെ.പിയും കേന്ദ്രസർക്കാരും വനിതകളോട് ചെയ്‌ത നല്ല കാര്യങ്ങൾ കണക്കിലെടുത്താണ് പദ്മിനി ബി.ജെ.പിയിൽ ചേരാൻ തയ്യാറായത്. പദ്മിനിയുടെ വരവ് ബി.ജെ.പിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.