ലോകത്തിന്റെ പല ഭാഗങ്ങളിലും വ്യത്യസ്തരായ ജനങ്ങൾ വസിക്കുന്നുണ്ട്. നാം ഇവരെ അറിയുന്നില്ലെന്ന് മാത്രം. വ്യത്യസ്ത ജീവിതശൈലികൾ പിന്തുടരുന്ന ഇവരുടെ രീതികൾ നമുക്ക് അത്ഭുതമാണ് സമ്മാനിക്കുക. യാന്ത്രികമല്ലാത്ത അവരുടെ ജീവിതത്തിലേക്ക്
എസ്കിമോ
മഞ്ഞിൽ ജീവിക്കുന്ന മനുഷ്യരാണിവർ. ആർട്ടിക്, അലാസ്ക, ഗ്രീൻലൻഡ്, ഹഡ്സൺ ഉൾക്കടലിന്റെ സമീപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇവർ താമസിക്കുന്നു. മഞ്ഞുകൊണ്ട് നിർമ്മിക്കുന്ന ഇഗ്ളൂ എന്ന് പേരായ ഇവരുടെ വീടുകൾ പ്രശസ്തമാണ്. മൃഗങ്ങളെ വേട്ടയാടി ഭക്ഷിക്കുന്ന ഇവർ അവയുടെ രക്തം കുടിക്കാറുണ്ട്. എസ്കിമോ അല്യൂട്ട് (Aleut) എന്ന ഭാഷാ കുടുംബത്തിലെ ഭാഷയാണ് ഇവർ സംസാരിക്കുന്നത്.
സാൻ
കലഹാരി മരുഭൂമിയിൽ ജീവിക്കുന്ന ഒരുവിഭാഗം . ബിഷ്മെൻ എന്ന് ആദ്യകാലത്ത് വിളിച്ചിരുന്നു. നാടോടികളാണിവർ. ചുരുണ്ട മുടിയും പരന്ന മൂക്കും പ്രത്യേകതകളാണ്. ഇവരുടെ പിൻതലമുറക്കാരാണ് ദക്ഷിണാഫ്രിക്കയിലേയും ബോട്ട്സ്വാനയിലേയും ആദ്യ താമസക്കാർ എന്ന് കണക്കാക്കുന്നു. സ്ത്രീകൾക്ക് ഉന്നത സ്ഥാനമാണ് ഇൗ സമൂഹത്തിലുള്ളത്. സംഗീതം, നൃത്തം എന്നിവയൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. ഒട്ടകപക്ഷിയുടെ മുട്ടത്തോടിലാണ് ഇവർ വെള്ളം ശേഖരിക്കുക. കായ്കനികൾക്ക് പുറമേ ചിത്രശലഭങ്ങൾ, വണ്ടുകൾ, പുൽച്ചാടികൾ എന്നിവയേയും ഇവർ ഭക്ഷിക്കാറുണ്ട്.പേരുകൾ കുറവാണെന്നതാണ് ഇവരുടെ പ്രത്യേകത. അതായത് ജനിക്കുന്ന കുട്ടിക്ക് നൽകുന്ന പേര് ബന്ധുവിന്റെയോ മുത്തശിയുടെയോ മുത്തച്ഛന്റെയോ പേരായിരിക്കും.
മസായ്
ഉയരമാണ് ഇവരുടെ പ്രത്യേകത. ആറടിയാണ് ശരാശരി ഉയരം. കെനിയയാണ് സ്വദേശം.കാലികളെ വളർത്തുന്നതാണ് ജോലി. മാ എന്ന ഭാഷയാണ് ഇവർ സംസാരിക്കുന്നത്.ലോകത്തുള്ള എല്ലാ കന്നുകാലികളെയും ദൈവം തങ്ങൾക്ക് തന്നിരിക്കുന്നു എന്നാണ് ഇവരുടെ വിശ്വാസം.
ആഭരണ നിർമ്മാണത്തിന് പ്രശസ്തരായ ഇവർ തങ്ങളുണ്ടാക്കുന്ന ആഭരണം സഞ്ചാരികൾക്ക് വിൽക്കാറുണ്ട്. യോദ്ധാക്കളാണ് മുടി നീട്ടിവളർത്താറ്.ടാൻസാനിയയുടെ പ്രധാനമന്ത്രിയായിരുന്ന എഡ്വാർഡ് ലോവാസ, കെനിയയുടെ നാഷണൽ അസംബ്ളിയുടെ സ്പീക്കറായിരുന്ന ഫ്രാൻസിസ് ഒലേ കപരോ, മധ്യദൂര ഒാട്ടക്കാരനായ ഒളിമ്പിക് മെഡൽ ജേതാവുമായ ഡേവിഡ് റുഡീഷ എന്നിങ്ങനെ പല പ്രശസ്തരും ഇൗ വർഗത്തിലുണ്ട്.
ചക്ചി
ചക്ചി എന്ന പ്രവിശ്യയിലെ ആളുകൾ. റഷ്യയുടെ ഭാഗമാണ് ഇൗ പ്രദേശം. ഏകദേശം 16000 ആൾക്കാർ മാത്രമേ ഇപ്പോഴുള്ളൂ. രണ്ടുതരം ചക്ചികളുണ്ട്. മാറിടൈം ചക്ചികൾ, റെയ്ൻഡീർ ചക്ചികൾ. കടലിൽ വേട്ടയാടുന്നവരാണ് ആദ്യത്തെ ആൾക്കാർ. രണ്ടാമത്തെവർ തീരഭാഗങ്ങളിലാണ് കൂടുതലായും താമസിക്കുന്നത്. റെയ്ൻഡീർ എന്നയിനം മാനുകളെ വളർത്തുന്നവരാണ്.
സുലു
ദക്ഷിണാഫ്രിക്കയിലെ ഗോത്രവർഗം സുലു എന്ന വാക്കിനർത്ഥം സ്വർഗം എന്നാണ്. സുലു ആണ് ഇവരുടെ ആദി പിതാവെന്ന് വിശ്വസിക്കുന്നു. ഇവരുടേതായ പരമ്പരാഗതമായ വീടുകളിലാണ് താമസം. കുട്ട കമിഴ്ത്തിയതുപോലെയാണ് വീടുകൾ. ഗ്രാമത്തിന് ഒരു തലവനുണ്ടാകും. ഇവരുടെ ഭാഷയാണ് സുലു. ഉലൻകുലുകുലം എന്ന ദൈവത്തിൽ വിശ്വസിക്കുന്ന ഇവരിൽ ഭൂരിഭാഗം ആളുകളും ക്രിസ്തുമതത്തിലും വിശ്വസിക്കുന്നവരാണ്.
ജിപ്സികൾ
നാടോടികളായ ജനവിഭാഗം. വടക്കേ ഇന്ത്യയിൽനിന്ന് ലോകമെമ്പാടും വ്യാപിച്ചതാണ് ഇവർ എന്ന് പറയപ്പെടുന്നു. ഇവരെ റൊമാനികൾ എന്നാണ് വിളിക്കുന്നത്. യൂറോപ്പിലാണ് ഇവർ കൂടുതലായി താമസിക്കുന്നത്. റോമാനി ആണ് ഇവരുടെ ഭാഷ. വസിക്കുന്ന സ്ഥലത്തെ ഭാഷയും ഇവർ സംസാരിക്കാറുണ്ട്. ഇൗ ഭാഷയ്ക്ക് പഞ്ചാബി, സിന്ധി ഭാഷകളുമായി ബന്ധമുണ്ട്.പല രാജ്യങ്ങളിലാണെങ്കിലും പല വിഭാഗങ്ങളാണെങ്കിലും പാരമ്പര്യത്തിലൂന്നിയുള്ള ജീവിതമാണ് ഇവരുടേത്.
ബെദുയിൻ
അറേബ്യയിൽ ജീവിക്കുന്ന ജനത. ബെദൂയിൻ എന്ന വാക്കിന്റെ അർത്ഥം മരുഭൂമിയുടെ അവകാശികൾ എന്നാണ്. മരുഭൂമിയിൽ ആടുകൾ, ഒട്ടകങ്ങൾ എന്നിവയെ മേയ്ച്ചുനടക്കുന്ന ഇവർ ഏകദേശം ഒരു നാടോടി ജീവിതമാണ് നയിക്കുന്നതെന്ന് പറയാം. ഇവരിൽതന്നെ പല വിഭാഗങ്ങളുമുണ്ട്. സുഡാൻ, അൾജീരിയ എന്നിവിടങ്ങളിലും ഇവർ താമസിക്കുന്നു. ഒട്ടകത്തിന് പ്രത്യേക സ്ഥാനമാണ് ഇവരുടെ ജീവിതത്തിൽ. ദൈവത്തിന്റെ സമ്മാനം എന്നാണ് ഒട്ടകത്തെ വിശേഷിപ്പിക്കുന്നത്. കവിതയാണ് മറ്റൊരു പ്രിയം. തനതായ സംഗീത, നൃത്ത രൂപങ്ങൾ ഇവർക്കുണ്ട്.
ജറാവകൾ
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ആദിവാസി വിഭാഗം. നെഗ്രീറ്റോ വംശത്തിൽപ്പെട്ട ഇൗ ആദിവാസികൾ ആഫ്രിക്കയിൽ നിന്നും വന്നവരാണെന്ന് കരുതുന്നു. ഇവരുടെ എണ്ണം വളരെ കുറവാണ്, നൂറുകണക്കിനാളുകൾ മാത്രമേ ഇപ്പോഴുള്ളു. ഇവരുടെ ഭാഷ ജറാവയാണ്. ഇപ്പോഴും ഇവർ ആദിമവർഗക്കാരെ പോലെയാണ് ജീവിക്കുന്നത്. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന ഇവർ കൃഷി ചെയ്യാറില്ല. അകം ചെത്തിക്കളഞ്ഞ മരത്തടിയാണ് വള്ളമായി ഉപയോഗിക്കുന്നത്. പ്രകൃതിദുരന്തങ്ങളെ തിരിച്ചറിയാൻ ഇവർക്ക് കഴിയും എന്ന് കരുതപ്പെടുന്നു. കാരണം ആൻഡമാനിൽ സുനാമി ഉണ്ടായപ്പോൾ ഇവർ അതിൽനിന്നും രക്ഷപ്പെട്ടു.
ഹിപ്പികൾ
അമേരിക്കയിൽ രൂപംകൊണ്ട ഒരു സംസ്കാരം. നമ്മുടെ നാട്ടിലും ഒരുകാലത്ത് അവരുടേതുപോലെ മുടി നീട്ടിവളർത്തി നടക്കുന്നവരുണ്ടായിരുന്നു. ഹിപ്പികളുടെ ഇൗ സ്റ്റൈൽ പെട്ടെന്ന് തന്നെ ലോകമാകെ പടർന്നു. എന്നാൽ ഇത് മാത്രമാണോ ഹിപ്പി സംസ്കാരം? പാട്ടുകൾ പാടി അലസഭാവത്തിൽ നടക്കുന്നവരാണ് ഹിപ്പികൾ. പ്രത്യേകിച്ച് നമുക്ക് ഒന്നും തോന്നില്ല. പക്ഷേ യുദ്ധമില്ലാത്ത ഒരു ലോകം സ്വപ്നം കാണുന്നവരായിരുന്നു അവർ. അതെ കാഴ്ചയിൽ അലസരെങ്കിലും ഉള്ളിൽ ശക്തമായ മഹത്തരമായ ലക്ഷ്യം സൂക്ഷിക്കുന്നവർ.
വിയറ്റ്നാമിൽ അമേരിക്ക നടത്തിയ യുദ്ധത്തിൽ പ്രതിഷേധിച്ചതോടുകൂടിയാണ് ഇവർ ശ്രദ്ധ നേടിയത്.ആരും തങ്ങളെ ഭരിക്കുന്നത് ഇഷ്ടമില്ലാതിരുന്ന അവർ റോക്ക് സംഗീതത്തിന്റെ ആരാധകരായിരുന്നു. ചിത്രകല, ഫാഷൻ, സംഗീതം എന്നിവയിലൊക്കെ പരീക്ഷണങ്ങൾ കൊണ്ടുവന്ന ഇൗ വിഭാഗം പിന്നീട് ലഹരിക്കടിമപ്പെട്ടു.