അലങ്കാര മത്സ്യങ്ങളെ വളർത്താൻ ഏവർക്കും ഇഷ്ടമാണ്. അക്വേറിയം വീട്ടിനുള്ളിലായതോടെ അലങ്കാര മത്സ്യങ്ങളും നമുക്ക് പ്രിയമുള്ളതായി മാറി. കുറഞ്ഞ വിലയ്ക്ക് മുതൽ വൻവിലയ്ക്ക് വരെ വാങ്ങാൻ കിട്ടും. അവയിൽ ചിലതിനെ പരിചയപ്പെടാം..
സ്വർണമത്സ്യം
ഏറ്റവും പ്രചാരമുള്ള ഇനം. ഏകദേശം 30 സെ.മീ. വരെ നീളമുണ്ടാകും ഇതിൽ പലതിനും. പല തരത്തിൽപ്പെട്ട സ്വർണമത്സ്യങ്ങളുണ്ട്. കാലിക്കോ, ഒരാൻഡ, പീകോക്ക് ടെയിൽ, കോമറ്റ് എന്നിവ ചില സ്വർണമത്സ്യങ്ങളാണ്. 6-7 വർഷം ജീവിക്കുന്ന ഇവ പ്രാണികൾ, പുഴുക്കൾ, സസ്യങ്ങൾ, ഉണങ്ങിയ കൃത്രിമാഹാരങ്ങൾ എന്നിവ ഭക്ഷിക്കുന്നു.
ഗപ്പി
ബ്രസീൽ, വെനസ്വേല എന്നിവിടങ്ങളാണ് സ്വദേശം. എളുപ്പത്തിൽ വളർത്താൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ആൺ മത്സ്യങ്ങൾക്ക് 3 സെ.മീ, പെൺ മത്സ്യങ്ങൾക്ക് 6 സെ.മീ എന്നിങ്ങനെയാണ് നീളം. വ്യത്യസ്ത നിറങ്ങളാണ് ആൺമത്സ്യങ്ങൾക്ക്. എന്നാൽ പെൺമത്സ്യങ്ങൾ വെള്ളി നിറത്തിലോ, മഞ്ഞനിറത്തിലോ ആയിരിക്കും. കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ഇൗ മത്സ്യത്തിൽനിന്ന് ഒരുതവണ 25-100 കുഞ്ഞുങ്ങളെ വരെ ലഭിക്കും. ഏത് സാഹചര്യത്തോടും ഇണങ്ങി ജീവിക്കുന്ന ഇവയുടെ ആയുസ് 3-4 വർഷമാണ്.
കോംഗോ പഫർഫിഷ്
കോംഗോ നദിയിൽ കാണപ്പെടുന്നു. കൂടുതൽ സമയവും മണ്ണിനടിയിൽ കഴിയുന്ന ഇൗ മത്സ്യങ്ങൾ അലസരാണ്. കറുപ്പ്, കടുംചെമപ്പ്, മണലിന്റെ നിറം എന്നിങ്ങനെ പല തരത്തിൽപ്പെട്ട നിറങ്ങളിൽ കാണാം. നിറം മാറി ആക്രമികളിൽനിന്നും രക്ഷപ്പെടാൻ കഴിയും.
സീബ്രാഫിഷ്
ശരീരത്തിൽ വെള്ള, കറുപ്പ് നിറങ്ങൾ കാണപ്പെടുന്നു. രോഗപ്രതിരോധശേഷിയുള്ളവയാണ് ഇൗ മത്സ്യങ്ങൾ.
മോളി
കറുപ്പ്, ഒാറഞ്ച്, വെള്ള, സ്വർണവർണ്ണം, സിൽവർ എന്നിങ്ങനെ വിവിധ നിറങ്ങളിൽ ഇവയെ കാണാം. ക്ഷാരസ്വഭാവമുള്ള വെള്ളമാണ് ജീവിക്കാൻ ഇവയ്ക്ക് ആവശ്യം.
സ്പോട്ട് ഫിൻ ലയൺ ഫിഷ്
വീതിവരയൻ തേൾമത്സ്യം എന്ന് മലയാളത്തിൽ പേർ. വിഷമുള്ളുകൾ ആണിവയ്ക്കുള്ളത്. ശാന്തസമുദ്രം, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്.
ഏയ്ഞ്ചൽ ഫിഷ്
ആമസോൺ നദിയാണ് സ്വദേശം. ഗൗരാമി ഇനത്തിൽപ്പെട്ട ഇതിനെ അക്വേറിയത്തിലെ രാജ്ഞി എന്ന് വിളിക്കുന്നു. കണ്ണുകൾക്ക് ചുറ്റും ഒാറഞ്ച് വലയം കാണാം. വജ്രാകൃതിയാണ് ശരീരത്തിന്. സസ്യങ്ങളെ ഭക്ഷിക്കുന്ന ഇവയ്ക്ക് ലാർവ, മണ്ണിര എന്നിവയും ഇഷ്ടമാണ്. ഗ്ളാസ് ഏയ്ഞ്ചൽ, മാർബിൾ ഏയ്ഞ്ചൽ, വൈറ്റ് ഏയ്ഞ്ചൽ എന്നിവ ചിലയിനങ്ങളാണ്.
ഗൗരാമി
വലിയ ഒരു ശുദ്ധജല മത്സ്യകുടുംബം. വലിയ ചിലയിനങ്ങൾ ഭക്ഷ്യയോഗ്യവുമാണ്. ലാബ്രിന്ത് എന്ന പ്രത്യേക അവയവം ഉള്ളതിനാൽ വായുവിൽ നിന്നും നേരിട്ട് ശ്വസിക്കാൻ കഴിയും.
ഏഷ്യൻ അരോണ
ഡ്രാഗൺ ഫിഷ്, ഏഷ്യൻ ബോണി ടംങ് എന്നിങ്ങനെയും വിളിക്കപ്പെടുന്നു. ചുവപ്പോ, സ്വർണനിറമോ ആണ് ശരീരത്തിന്.ഇതിന്റെ വളർച്ചയ്ക്ക് ചെറിയ അമ്ളാംശമുള്ള ജലമാണാവശ്യം. അരോണയെ ഒറ്റയ്ക്ക് വളർത്തുന്നതാണ് നല്ലത്. കാരണം ഇവ മറ്റ് മീനുകളെയും ഭക്ഷണമാക്കാറുണ്ട്.
ഒാസ്കാർ
ആമസോൺ നദി, തെക്കേ അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു. ഇരുണ്ട നിറമാണ് മത്സ്യങ്ങൾക്ക്. മഞ്ഞ നിറത്തിലുള്ള കുത്തുകൾ ചിറകുകളിൽ കാണാം. മിശ്രഭോജികളാണ്. നിറവ്യത്യാസം വരുത്തി ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടാൻ കഴിയുന്നു.