pinarayi-sinha

തിരുവനന്തപുരം: പൊതുഭരണ, തുറമുഖ, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പുകളുടെ ചുമതലയിൽ നിന്നു മാറ്റി പാർലമെന്ററി കാര്യവകുപ്പിലേക്ക് ഒതുക്കപ്പെട്ട പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയെ മുഖ്യമന്ത്രി പിണറായി വിജയൻ താക്കീത് ചെയ്തു. ഇന്നലെ മുഖ്യമന്ത്രിയെ കണ്ട് സിൻഹ തന്റെ അസംതൃപ്തി അറിയിച്ചിരുന്നു. എന്നാൽ,​ സിൻഹയുടെ സേവനത്തെ മുഖ്യമന്ത്രി പ്രകീർത്തിച്ചെങ്കിലും ലഭിച്ച പരാതികളുടെ വെളിച്ചത്തിൽ താക്കീത് ചെയ്യുകയായിരുന്നു.

മുഖ്യമന്ത്രിയുടെ കീഴിലുള്ള ഈ വകുപ്പുകളിൽ സിൻഹ കാര്യക്ഷമമായി പ്രവർത്തിച്ചെന്ന് മുഖ്യമന്ത്രിയടക്കം വിലയിരുത്തുമ്പോഴും മാറ്റത്തിനുപിന്നിൽ ഒഴിവാക്കാനാവാത്ത വിധം ഗൗരവമുള്ള പരാതികളുണ്ടെന്നാണ് സൂചന. പഞ്ചിംഗ് കാര്യക്ഷമമാക്കാൻ നടത്തിയ ഇടപെടൽ, ഡയറക്ടറേറ്റുകൾ കേന്ദ്രീകരിച്ച് സ്ഥലംമാറ്റത്തിന് അച്ചടക്കമുള്ള സംവിധാനമൊരുക്കൽ, കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ പക്ഷപാതരഹിതവും കൃത്യവുമായി ഉറപ്പാക്കൽ എന്നീ കാര്യങ്ങളിൽ ബിശ്വനാഥ് സിൻഹയുടേത് സ്തുത്യർഹമായ പ്രവർത്തനമായിരുന്നെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിലയിരുത്തൽ. മേളകൾ റദ്ദാക്കാൻ ഉത്തരവിറക്കിയതുൾപ്പെടെ സിൻഹയെടുത്ത പല തീരുമാനങ്ങളും വിവാദം ക്ഷണിച്ചുവരുത്തിയിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ അണുവിട വ്യതിചലിക്കാതെ നിർവഹിച്ചുപോന്ന ഉദ്യോഗസ്ഥനായിരുന്നു.

വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവനാണ് പൊതുഭരണവകുപ്പിന്റെകൂടി അധികച്ചുമതല. വ്യവസായത്തോടൊപ്പം ഇതുകൂടി കാര്യക്ഷമമായി കൊണ്ടുപോകാൻ കഴിയുമോയെന്ന ആശങ്ക ഉയരുന്നുണ്ട്. കായിക, യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ. ജയതിലക് ആയിരിക്കും തുറമുഖം, ഉദ്യോഗസ്ഥ ഭരണപരിഷ്കാരം വകുപ്പുകളുടെയും ചുമതല വഹിക്കുക.

അഡിഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ അധിക ജോലിഭാരം പരിഗണിച്ച് ഭവന നിർമ്മാണ വകുപ്പിന്റെ ചുമതല അദ്ദേഹത്തിൽ നിന്നൊഴിവാക്കി. റവന്യൂ, പരിസ്ഥിതി വകുപ്പുകളുടെ ചുമതലയിൽ തുടരും. ആസൂത്രണ, സാമ്പത്തിക കാര്യ അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്തയ്ക്കാണ് ഭവനനിർമ്മാണ വകുപ്പിന്റെയും ചുമതല.