aadhar

ന്യൂഡൽഹി: ആധാറില്ലെന്ന പേരിൽ ഡൽഹി സർക്കാർ ആശുപത്രി ചികിത്സ നിഷേധിച്ച ഒൻപത് വയസ്‌കാരിക്ക് രക്ഷയായത് കേന്ദ്ര ആരോഗ്യ മന്ത്രിയുടെ ഇടപെടൽ. നോയിഡയിൽ നിന്നുമാണ് അസുഖബാധിതയായ ഒൻപത് കാരിയെ ഡൽഹിയിലെ സർക്കാർ ആശുപത്രിയായ ലോക് നായക് ജയ് പ്രകാശ് നാരായണിൽ പ്രവേശിപ്പിച്ചത്. കുട്ടിയെ പ്രവേശിപ്പിച്ചവർക്ക് ആധാർ കാർഡ് നൽകാനാവാത്തതിനാലാണ് ചികിത്സ നിഷേധിക്കപ്പെട്ടത്. അതേ സമയം ഡൽഹിയിൽ നിന്നുള്ള ആധാർ കാർഡ് നൽകാത്തതിനാലാണ് ചികിത്സ നിഷേധിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ ഡൽഹി ബി.ജെ.പി അദ്ധ്യക്ഷൻ മനോജ് തിവാരി സംഭവത്തിൽ ഇടപെടുകയും ഡൽഹി മുഖ്യമന്ത്രിയെ വിമർശിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തു. ഈ ട്വീറ്റിൽ കേന്ദ്ര ആരോഗ്യമന്ത്രിയെ ടാഗ് ചെയ്തതോടെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം സംഭവത്തിലിടപെട്ടത്.

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയുടെ നിർദ്ദേശപ്രകാരം പെൺകുട്ടിയെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിച്ചു. ഇവിടയുള്ള ശിശുരോഗ വിദഗ്ദ്ധരുടെ പരിചരണത്തിലാണ് കുട്ടി ഇപ്പോൾ. എന്നാൽ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്നും, അവളുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി പിന്നീട് ട്വീറ്റ് ചെയ്തു.