ചെന്നൈ: നിയന്ത്രണം വിട്ട എയർ ഇന്ത്യ വിമാനം വിമാനത്താവളത്തിന്റെ മതിലിടിച്ച് തകർത്തു. ട്രിച്ചിയിൽ നിന്ന് ദുബായിലേക്ക് തിരിച്ച എയർ ഇന്ത്യ ബോയിംഗ് ബി 737800 വിമാനമാണ് അപകടത്തിൽ പെട്ടത്. വിമാനം പറന്നുയരുന്നതിനിടെയായിരുന്നു അപകടം.130 യാത്രക്കാരുണ്ടായിരുന്നു വിമാനത്തിൽ. എല്ലാവരും സുരക്ഷിതാരാണെന്ന് അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ച 1.20നായിരുന്നു സംഭവം. പറന്നുയരുന്നതിനിടെ വിമാനത്തിന്റെ പിൻ ചക്രങ്ങൾ വിമാനത്താവളത്തിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. മതിൽ തകർന്നതിനൊപ്പം വിമാനത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
സംഭവത്തിൽ വിമാനത്താവള അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പൈലറ്റിനെയടക്കം ചോദ്യം ചെയ്‌ത് വരികയാണ്. യാത്രക്കാർക്ക് മറ്റൊരു വിമാനം സജ്ജീകരിച്ച് നൽകിയതായി അധികൃതർ അറിയിച്ചു.