ഹൈദരാബാദ് : രാജ്കോട്ടിൽ നടന്ന ആദ്യ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാർജിനിൽ വിജയം കണ്ട ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്നു ഹൈദരാബാദിൽ രണ്ടാം ടെസ്റ്റിനിറങ്ങുന്നു. ടോസ് നേടിയ വിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഉമേഷ് യാദവിന്റെ ആദ്യ പന്ത് ബൗണ്ടറി കടത്തി വിൻഡീസ് ബാറ്റിംഗിന് ക്രെഗ് ബ്രാത്‌വെയ്റ്റ് തുടക്കമിട്ടു. ക്രെഗിനൊപ്പം കീറൺ പവലാണ് വിൻഡീസിനായി ഓപ്പണിംഗ് ബാറ്റിങ്ങിനിറങ്ങിയത്. മാറ്റമില്ലാതെ ഇന്ത്യ ആദ്യടെസ്റ്റിൽ ഒരു ഇന്നിംഗ്സിനും 272 റൺസിനും ജയിച്ച ടീമിൽ ഒരു മാറ്റവും വരുത്താതെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങുന്നത്. പുതിയരീതിയിൽ 12 അംഗ ടീമിനെ മത്സരത്തലേന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
കഴിഞ്ഞ കളിയിൽ രാജ്കോട്ടിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 649/9 എന്ന സ്കോർ ഉയർത്തിയശേഷം രണ്ട് ഇന്നിംഗ്സുകളിലും വിൻഡീസിനെ ആൾ ഒൗട്ടാക്കുകയായിരുന്നു. രണ്ട് ഇന്നിംഗ്സുകളിലുമായി 99 ഒാവർ മാത്രമേ ഇന്ത്യയ്ക്ക് എറിയേണ്ടിയും വന്നുള്ളൂ. അടുത്തമാസം തുടങ്ങുന്ന ആസ്ട്രേലിയൻ പര്യടനത്തിന്റെ പരിശീലനാർത്ഥമാണ് ഇന്ത്യ വിൻഡീസിനെ നേരിടാനിറങ്ങിയത്. രാജ്കോട്ടിൽ ബാറ്റിംഗിലും ബൗളിംഗിലും ആ ലക്ഷ്യത്തിലേക്ക് എത്തുകയും ചെയ്തു.