anandavalli

കേരളത്തിലെ ആദ്യത്തെ പോസ്റ്റ് വുമണായ ആനന്ദവല്ലിയെ ലോക തപാൽ ദിനത്തിൽ അവരുടെ വീട്ടിൽ പോയി അഭിനന്ദിച്ച അനുഭവം ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്കിലൂടെ പങ്ക് വയ്ക്കുന്നു. 1967ൽ ആലപ്പുഴയിലെ ഒരു പോസ്റ്റാഫീസിൽ പോസ്റ്റ് കാരിയറായിട്ടാണ് ആനന്ദവല്ലി ജോലിയിൽ തുടക്കം കുറിച്ചത്. എന്നാൽ ബി.കോം. പരീക്ഷ പാസായ ആനന്ദവല്ലി ഇരുപത്തിയേഴ് രൂപ പ്രതിഫലത്തിന് ജോലിക്ക് കയറിയപ്പോൾ മൂക്കത്ത് വിരൽ വച്ചവരും നാട്ടിലുണ്ടായിരുന്നു. ശമ്പളം കുറഞ്ഞാലും കിട്ടിയത് ഒരു സർക്കാർ ജോലിയല്ലേ എന്ന ചിന്തയായിരുന്നു ആനന്ദവല്ലിക്ക്, കൂടാതെ സ്വതന്ത്രമായി നാട്ടിലൊക്കെ ചുറ്റികറങ്ങാമെന്ന മോഹവും. എന്നാൽ നാട്ടുകാരുടെ പരിഹാസങ്ങളേറ്റ് ഒരിക്കൽ രാജികത്ത് നൽകിയ അനുഭവവും ആനന്ദവല്ലിക്കുണ്ട്.

കത്തുകൾ കൊണ്ട് പോയി നൽകാനായി അച്ഛൻ വാങ്ങിക്കൊടുത്ത റാലി സൈക്കിൾ നിധിപോലെ ആനന്ദവല്ലി ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. ആലപ്പുഴയിലെ വിവിധ പോസ്റ്റോഫീസുകളിൽ ക്ലാർക്കായും പോസ്റ്റ്മിസ്ട്രസ്സായും സേവനമനുഷ്ഠിച്ച ആനന്ദവല്ലി 1991 ൽ മുഹമ്മ പോസ്റ്റോഫിസിൽ നിന്നുമാണ് വിരമിച്ചത്. ഇപ്പോൾ മുഹമ്മയിലെ തോട്ടുമുഖപ്പിലെ വീട്ടിൽ വിശ്രമത്തിലാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ലോകതപാൽ ദിനത്തിൽ കേരളത്തിലെ ആദ്യത്തെ തപാൽ വനിതയായ ശ്രീമതി. ആനന്ദവല്ലിയുടെ വീട്ടിൽ പോയി. മകൻ ധനരാജ് ഫൈനാൻസ് കോളേജിൽ നിന്നും ബിരുദം നേടിയ ഒന്നാംതരം ഫോട്ടോഗ്രാഫറാണ്. ദേശാഭിമാനിയുടെ മാരാരിക്കുളത്തെ അനൗദ്യോഗിക ഫോട്ടോഗ്രാഫറെന്ന നിലയിൽ ധനരാജിനെ കണ്ടുമുട്ടാത്ത ആലപ്പുഴ ദിനങ്ങൾ ഇല്ല. അതുകൊണ്ടു കൂടിയാണ് അമ്മയെ വീട്ടിൽ പോയി കണ്ട് പൊന്നാട അണിയിക്കാൻ തീരുമാനിച്ചത്.

67 ലാണ് തുടക്കം. ആലപ്പുഴയിലെ ഒരു എക്സ്ട്രാ ഡിപ്പാർട്ട്മെന്റൽ പോസ്റ്റ് കാരിയറായി 27 രൂപയ്ക്ക് ജോലിക്ക് കയറി. സ്ഥിരം ജീവനക്കാരിയല്ല. തപാൽ ഓഫീസിലെ പോസ്റ്റുമാന്റെ സഹായിയെന്നു പറയാം. അദ്ദേഹം എത്തിച്ചുകൊടുക്കുന്ന തപാലുകൾ നിർദ്ദിഷ്ട പ്രദേശത്തെ വീടുകളിൽ വിതരണം ചെയ്യുക. ബി.കോം പാസ്സായ ആനന്ദവല്ലി ഇത്തരമൊരു പണിക്ക് പോകുന്നത് എന്തിനെന്ന് ചോദിച്ച ഒട്ടേറെ പേരുണ്ട്. ശമ്പളം കുറച്ചു കുറഞ്ഞാലെന്താ, ഒരു സർക്കാർ ജോലിയല്ല. പിന്നെ, സ്വതന്ത്രമായി പ്രദേശത്തൊക്കെ കറങ്ങാം. അതുകൊണ്ട് പരിഹാസങ്ങളിലൊന്നും കുലുങ്ങിയില്ല. എങ്കിലും ഒരു ദിവസം സഹികെട്ട് രാജിക്കത്ത് കൊടുത്തു. മേലധികാരി അത് കീറി ചവറ്റുകുട്ടയിലിട്ടു. തപാൽ വിതരണ പരീക്ഷയ്ക്ക് ഇരിക്കാൻ നിർദ്ദേശവും നൽകി. പരീക്ഷ പാസ്സായ ആനന്ദവല്ലിക്ക് പോസ്റ്റൽ സർവ്വീസിലെ പോസ്റ്റ് വുമണായി നിയമനം ലഭിച്ചു.

97 രൂപയായിരുന്നു 77ൽ പുതിയ പദവിയിലെ ശമ്പളം. അന്ന് അച്ഛൻ വാങ്ങിക്കൊടുത്ത റാലി സൈക്കിൾ നിധിപോലെ ആനന്ദവല്ലി സൂക്ഷിക്കുന്നു. ഇന്നും സൈക്കിൾ സർവ്വീസിലാണ്. ഞാൻ ചെല്ലുമ്പോൾ സൈക്കിൾ വീട്ടിൽ ഇല്ല. മുഹമ്മ കമ്പോളത്തിലേയ്ക്ക് ആരോ സവാരി കൊണ്ടുപോയിരിക്കുകയാണ്. ആലപ്പുഴയിലെ വിവിധ പോസ്റ്റോഫീസുകളിൽ ക്ലാർക്കായും പോസ്റ്റ്മിസ്ട്രസ്സായും സേവനമനുഷ്ഠിച്ച ആനന്ദവല്ലി 1991 ലാണ് മുഹമ്മ പോസ്റ്റോഫിസിൽ നിന്നും വിരമിച്ചത്. ഇപ്പോൾ 85 വയസ്സായി. മുഹമ്മയിലെ തോട്ടുമുഖപ്പിലെ വീട്ടിൽ വിശ്രമത്തിലാണ്. തന്റെ തൊഴിൽ കാലത്തെക്കുറിച്ച് എത്ര അഭിമാനത്തോടെയാണ് അവർ വിവരിച്ചിരുന്നതെന്നോ!