ഗാസിയാബാദ് : സുഹൃത്തിന്റെ പിറന്നാൾ വിരുന്നിനെത്തിയ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ അഞ്ച് യുവാക്കൾ ചേർന്ന് കൂട്ടമാനഭംഗപ്പെടുത്തി. ഉത്തർപ്രദേശിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. കഴിഞ്ഞമാസം 25ന് സുഹൃത്തിന്റെ പിറന്നാൾ പാർട്ടിയിൽ പങ്കെടുക്കാനായി ബാസറിയ മാർക്കറ്റ് റോഡിലെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തിയാണ് 16 കാരിയായ പെൺകുട്ടിക്ക് മയക്ക് മരുന്ന് കലർന്ന ശീതളപാനീയം കുടിക്കാൻ നൽകിയത്. തുടർന്ന് ബോധരഹിതയായ പെൺകുട്ടിയെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. സംഭവത്തെ കുറിച്ച് പുറത്താരോടെങ്കിലും പറഞ്ഞാൽ ദൃശ്യങ്ങൾ പരസ്യമാക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ മാതാപിതാക്കളോട് തനിക്കുണ്ടായ ദുരനുഭവം പെൺകുട്ടി പങ്കുവച്ചതോടെയാണ് പൊലീസിൽ പരാതി നൽകാൻ തയ്യാറായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവാക്കളിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്.