1. മന്ത്രി മാത്യു ടി. തോമസിന്റെ രാജിക്കായി മുറവിളി കൂട്ടി ജെ.ഡി.എസിലെ ഒരു വിഭാഗം. മാത്യു ടി. തോമസിനെ മന്ത്രി സ്ഥാനത്തു നിന്ന് നീക്കണം എന്നാവശ്യപ്പെട്ട് കൃഷ്ണൻ കുട്ടി വിഭാഗം ദേശീയ അധ്യക്ഷൻ എച്ച്.ഡി ദേവഗൗഡയെ കാണും. രണ്ടര വർഷം കഴിയുമ്പോൾ മന്ത്രി സ്ഥാനം ഒഴിയണം എന്ന വ്യവസ്ഥ മാത്യു ടി. തോമസ് പാലിക്കണം എന്ന് ആവശ്യം. ജൂലായിൽ നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ മാത്യു ടി .തോമസിന്റെ രാജിക്കായുള്ള മുറവിളി ഉയർന്നിരുന്നു.
2. രാജിക്കായുള്ള ആവശ്യം കൃഷ്ണൻ കുട്ടി വിഭാഗം ശക്തമാക്കുന്നത്, മാത്യു ടി. തോമസ് മന്ത്രിയായ ശേഷം പാർട്ടിക്ക് ഒരു ഗുണവും ഇല്ലെന്ന് ആരോപിച്ച്. നയപരമായ കാര്യങ്ങൾ പോലും പാർട്ടിയുമായി ചർച്ച ചെയ്യുന്നില്ല. ബോർഡ് കോർപ്പറേഷൻ വീതം വയ്പ്പിൽ പാർട്ടിക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചില്ല എന്നും ഇതിന് മന്ത്രി ഉത്സാഹിച്ചില്ല എന്നും ആക്ഷേപം. ഈ സാഹചര്യത്തിൽ ആണ് ഇന്നലെ ചേർന്ന ഭാരവാഹി യോഗം ആവശ്യം വീണ്ടും ഉന്നയിച്ചത്.
3. ഡി.വൈ.എഫ്.ഐ പ്രവർത്തകയുടെ പീഡന പരാതിയിൽ ഷൊർണൂർ എം.എൽ.എ പി.കെ. ശശിക്ക് എതിരായ അന്വേഷണ കമ്മിഷൻ റിപ്പോർട്ടും ശബരിമല വിധിക്ക് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളും മുഖ്യ അജണ്ടയാക്കി രണ്ടു ദിവസത്തെ സി.പി.എം നേതൃയോഗത്തിന് തുടക്കം. പി.കെ. ശ്രീമതി, എ.കെ. ബാലൻ എന്നിവർ ഉൾപ്പെട്ട കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ശശിക്കെതിരെ നടപടി ഉണ്ടാകും. അന്വേഷണ കമ്മിഷൻ അന്തിമ റിപ്പോർട്ട് തയ്യാറാക്കിയത്, പരാതിക്കാരിയായ യുവതി, ആരോപണ വിധേയൻ, പാലക്കാട് ജില്ല സംസ്ഥാന ഡി.വൈ.എഫ്.ഐ നേതാക്കൾ എന്നിവരിൽ നിന്ന് മൊഴിയെടുത്ത ശേഷം.
4. തനിക്ക് എതിരെ ഉണ്ടായത്, ഗൂഢാലോചന എന്ന് ശശി ആരോപിച്ചതോടെ അക്കാര്യവും കമ്മിഷൻ അന്വേഷിച്ചു. പരാതി ഗുരുതരം എന്ന വിലയിരുത്തലിൽ കമ്മിഷൻ. നടപടി എടുക്കണം എന്നത് അടക്കമുള്ള ശുപാർശയും കമ്മിഷൻ മുന്നോട്ടു വയ്ക്കുന്നതായി സൂചന. എന്നാൽ, ശശിയുടെ പരാതിയിലും നടപടിക്ക് ശുപാർശ ഉണ്ടെന്നാണ് വിവരം. നേതൃത്വത്തിന് വെല്ലുവിളി ആകുന്നത്, നടപടിയുടെ സ്വഭാവം എന്തായിരിക്കണം എന്നത്.
5. തിരഞ്ഞെടുത്ത എല്ലാ പദവികളിൽ നിന്നും ഒഴിവാക്കണം എന്ന അഭിപ്രായവും സസ്‌പെൻഡ് ചെയ്യണം എന്ന ആവശ്യവും പാലക്കാട് ഒരു വിഭാഗത്തിനുണ്ട്. ശക്തമായ നടപടിക്ക് മുതിർന്നില്ല എങ്കിൽ, പരാതിക്കാരി നിയമ നടപടി സ്വീകരിച്ചാൽ സി.പി.എം കുടുങ്ങും. ഈ സാഹചര്യത്തെ സമവായത്തിലൂടെ പരിഹരിക്കാനാവും ശ്രമം. ശബരിമല വിഷയത്തിൽ എൽ.ഡി.എഫ് എടുത്ത പ്രചാരണ പരിപാടിക്ക് പുറമെ സി.പി.എം നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിനും രണ്ടു ദിവസത്തെ കമ്മിറ്റി രൂപം നൽകും.
6. ഇന്ധന വിലയിലെ കുതിപ്പ് തുടരുന്നതിനിടെ, വിലക്കയറ്റം തടയാൻ മാർഗം തേടി ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി. പ്രധാനമായും ചർച്ചയാവുക, അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി നിയന്ത്രണം, ആഭ്യന്തര ഉത്പാദനത്തിന്റെ വർധന എന്നീ കാര്യങ്ങൾ. ഇത് സംബന്ധിച്ച ഹ്രസ്വ ദീർഘ നയങ്ങൾ രൂപീകരിക്കുകയാണ് യോഗം വിളിച്ചതിന്റെ ലക്ഷ്യം. യോഗത്തിൽ ധനമന്ത്രി പെട്രോളിയം മന്ത്രി എന്നിവരും പങ്കെടുക്കും.
7. സാധാരണക്കാരന്റെ നടുവൊടിച്ച് ഇന്ധനവില ഉയരുന്നത്, പുതിയ ഉയരങ്ങളിലേക്ക്. പെട്രോളിന് 12 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് ഡീസൽ വില വീണ്ടും 80 കടന്നു. 80 രൂപ 25 പൈസയാണ് തിരുവനന്തപുരത്തെ ഡീസൽ വില. പെട്രോൾ ഒരു ലിറ്ററിന് 85.93 രൂപ നൽകണം. കൊച്ചിയിൽ പെട്രോളിന് 84.50ഉം ഡീസലിന് 78.91 രൂപയും ആയി.
8. ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിന്റെ രാജിക്കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. നൈജീരിയൻ സന്ദർശനം കഴിഞ്ഞ് ഡൽഹിയിൽ മടങ്ങി എത്തുന്ന മന്ത്രി വനിതാ മാദ്ധ്യമ പ്രവർത്തകരുടെ ആരോപണങ്ങളിൽ വിശദീകരണം നൽകും. അക്ബറിന്റെ രാജി ആവശ്യപ്പെട്ട് വിവിധ വനിതാ സംഘടനകൾ ഇന്ന് പ്രതിഷേധിക്കും. അതേസമയം അക്ബറിന്റെ വിശദീകരണം കേട്ടശേഷം അന്വേഷണം നടത്തും എന്നും കുറ്റക്കാരൻ എങ്കിൽ രാജി വയ്ക്കാൻ ആവശ്യപ്പെടും എന്നും കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ.
9. ബി.ജെ.പി സർക്കാരിലെ ഒരു മന്ത്രിക്കെതിരെ ലൈംഗികാതിക്രമ വെളിപ്പെടുത്തൽ ഉണ്ടായതിൽ മുതിർന്ന ബി.ജെ.പി നേതാക്കൾക്ക് ഇടയിലും അതൃപ്തി ശക്തം. കഴിഞ്ഞ ദിവസത്തെ ക്യാബിനറ്റ് യോഗത്തിൽ ചർച്ച ആയില്ലെങ്കിലും അനൗദ്യോഗികമായി അക്കാര്യം സംസാരിക്കുകയും തങ്ങളുടെ അഭിപ്രായങ്ങൾ മന്ത്രിമാർ വ്യക്തമാക്കുകയും ചെയ്തു. സർക്കാർ നേരിടുന്ന പ്രധാന സമ്മർദ്ദം ഉജ്ജ്വല , ബേട്ടി ബച്ചാവോ , മുദ്രാ തുടങ്ങിയ പദ്ധതികളിലൂടെ സ്ത്രീ ശാക്തികരണ പ്രവർത്തനം നടത്തുമ്പോൾ അതിന് വലിയ രീതിയിൽ തിരിച്ചടി നൽകുന്നതാണ് കേന്ദ്ര സഹമന്ത്രിക്ക് എതിരായ ലൈംഗികാതിക്ര ആരോപണം എന്നത്.