internet

ലണ്ടൻ: ഇന്റർനെറ്റില്ലാതെ അൽപസമയം ചെലവിടാൻ നമുക്കൊക്കെ ഏറെ ബുദ്ധിമുട്ടാണ്. നെറ്റ് കിട്ടാതെ വന്നാൽ അസ്വസ്ഥരാകുകയും ചെയ്യുന്നവരാണ് നമ്മൾ. എന്നാലിതാ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ലോകവ്യാപകമായി ഇന്റർനെറ്റ് സേവനം ഭാഗികമായി തടസപ്പെടാൻ സാദ്ധ്യതയുണ്ടെന്നു മുന്നറിയിപ്പ് എത്തിയിരിക്കുന്നു. പ്രധാനപ്പെട്ട ഡൊമൈൻ സെർവറുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഇന്റർനെറ്റ് സേവനം തടസപ്പെടുന്നതെന്ന് റഷ്യ ടുഡെ പത്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

സൈബർ ആക്രമണങ്ങൾ തടയുന്നതിനും ഡൊമൈൻ പേരുകൾ (Domain Name System)​ സംരക്ഷിക്കുന്നതിനായി ക്രിപ്‌റ്റോഗ്രാഫിക് കീ മാറ്റുന്നതാണ് ഈ സമയത്ത് അധികൃതർ ചെയ്യുക. ഇന്റർനെറ്റ് കോർപ്പറേഷൻ ഒഫ് അസൈൻഡ് നെയിംസ് ആൻഡ് നമ്പേഴ്സ് (ഐകാൻ) ആണിത് ചെയ്യുന്നത്. ഈ മാറ്റത്തിനു തയാറാകാത്ത ഇന്റർനെറ്റ് സേവനദാതാക്കളുടെയും നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരുടെയും ഉപയോക്താക്കൾക്ക് പ്രശ്നമുണ്ടായേക്കാമെന്നാണ് കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (സി.ആർ.എ) മുന്നറിയിപ്പു നൽകിയിരിക്കുന്നത്. സുരക്ഷിതവും സ്ഥിരവുമായ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനായി ആഗോള ഇന്റർനെറ്റ് സംവിധാനം ഷട്ട് ഡൗൺ ചെയ്തേ മതിയാകുവെന്നും അവർ വ്യക്തമാക്കി.