ന്യൂഡൽഹി: രാജ്യത്തെ കോടതികളിൽ ലക്ഷക്കണക്കിന് കേസുകൾ തീർപ്പാവാതെ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ നോ ലീവ് പോളിസിയുമായി ചീഫ് ജസ്റ്റിസ്. അടുത്തിടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റ രഞ്ചൻ ഗോഗോയാണ് പുതിയ നിർദ്ദേശം മുന്നോട്ട് വച്ചത്. നോ ലീവ് പോളിസി പ്രകാരം കോടതികളിൽ നിന്നും ജഡ്ജിമാർക്ക് ഇനി പ്രവർത്തി ദിവസങ്ങളിൽ വിട്ട് നിൽക്കാനാവില്ല. കൂടാതെ കോടതി ചേരുന്ന ദിനങ്ങളിൽ മുഴുവൻ സമയവും കോടതിമുറിയിലുണ്ടാവുകയും വേണം. ചീഫ് ജസ്റ്റിസിന്റെ പുതിയ പരിഷ്‌കാരങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ ദേശീയ മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കോടതികളിലെ കേസുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുവാനായി പത്തോളം മാർഗനിർദ്ദേശങ്ങളാണ് ചീഫ് ജസ്റ്റിസ് കൊണ്ട് വരുന്നത്. ജഡ്ജിമാരുടെ ഒഴിവുകൾ വേഗത്തിൽ നികത്താനും,വേതന വ്യവസ്ഥയിൽ കാലാനുസൃതമായ മാറ്റവും അദ്ദേഹം നിർദ്ദേശിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
അടുത്തിടെ പുറത്ത് വന്ന ദേശീയ ജുഡീഷ്യൽ ഡാറ്റയിൽ പറയുന്നത് രാജ്യത്ത് 43 ലക്ഷം കേസുകൾ വിവിധ കോടതികളിലായി തീർപ്പാക്കാനായി കെട്ടിക്കിടക്കുന്നുണ്ടെന്നാണ്.