തിരുവനന്തപുരം: കേരളത്തിന്റെ പുനർനിർമ്മാണത്തിനായി പ്രവാസികളിൽ നിന്നടക്കം ഫണ്ട് സ്വരൂപിക്കാൻ മന്ത്രിമാരുടെ കൂടെ വിദേശ രാജ്യങ്ങളിൽ പോകുന്ന ഐ.എ.എസ് സംഘത്തിൽ സാലറി ചലഞ്ചിൽ ശമ്പള വിഹിതം നൽകാത്ത ഉന്നത ഉദ്യോഗസ്ഥനും. ഈ മാസം 21 ന് സിംഗപ്പൂരിലേക്ക് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനോടൊപ്പം പോകുന്ന ലാൻഡ് റവന്യൂ കമ്മിഷണർ എ.ടി.ജെയിംസാണ് സാലറി ചലഞ്ചിൽ പങ്കെടുക്കാത്തത്. അദ്ദേഹം ഈ മാസത്തെ ശമ്പളം പൂർണമായി പിൻവലിച്ചുകഴിഞ്ഞു. തിരുവനന്തപുരത്ത് മ്യൂസിയത്തിനടുത്തെ പബ്ലിക് ഓഫീസിലെ ട്രഷറിയിൽ നിന്നാണ് ഇദ്ദേഹം സ്ഥിരമായി ശമ്പളം പിൻവലിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം ശമ്പളം പൂർണമായി പിൻവലിച്ചത്. ഇതോടെയാണ് അദ്ദേഹം സാലറി ചലഞ്ചിൽ പങ്കെടുത്തില്ല എന്ന വിവരം പുറത്തുവന്നത്.
വിദേശ രാജ്യത്ത് ജോലിചെയ്യുന്ന മലയാളികളോടും മറ്റ് ഇന്ത്യാക്കാരോടും പ്രളയബാധിത കേരളത്തിന്റെ പുനർനിർമ്മാണത്തിന് ഫണ്ട് ശേഖരിക്കാൻ മന്ത്രിമാരടക്കം പോകുമ്പോൾ ഐ.എ.എസ് ഉദ്യോഗസ്ഥരിൽ ചിലർ സാലറി ചലഞ്ചിൽ പങ്കെടുക്കാത്തത് ജീവനക്കാർക്കിടയിൽ മുറുമുറുപ്പിന് ഇടയാക്കിയിട്ടുണ്ട്. പ്രളയത്തിൽ മുങ്ങിയ കേരളത്തെ രക്ഷിക്കാൻ സർക്കാർ ജീവനക്കാരുൾപ്പെടെ എല്ലാവരോടും തങ്ങളുടെ വേതനത്തിലൊരുഭാഗം സംഭാവന ചെയ്യാൻ മുഖ്യമന്ത്രിയാണ് അഭ്യർത്ഥിച്ചത്. ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുകയും ജില്ലാ കളക്ടർമാരുൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ മുഴുവൻ തലവനായിരിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥൻതന്നെ സാലറി ചലഞ്ചിൽ പങ്കെടുക്കാതെ വിദേശത്ത് ഫണ്ട് ശേഖരണത്തിന് മന്ത്രിയോടൊപ്പം പോകുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഒക്ടോബർ 17 മുതൽ 21 വരെയുള്ള തീയതികളിലാണ് മന്ത്രിമാരോടൊപ്പം മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരും വിദേശത്ത് പോവുന്നത്.
ഭൂരിഭാഗം ഐ.എ.എസ് ഉദ്യോഗസ്ഥരും സാലറി ചാലഞ്ചിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ ചിലർ ഗ്രോസ് സാലറിക്ക് പകരം നെറ്റ് സാലറി മാത്രമാണ് നൽകിയത്. അതേസമയം മറ്റുചിലർ പൂർണമായും പങ്കെടുക്കാതെ മാറിനിൽക്കുകയാണ്. അതിൽ ഒരു ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെ ചുമതലയും ഈ ഉദ്യോഗസ്ഥനുണ്ട്. നേരത്തെ മൂന്ന് ഐ.എ.എസ് ഉദ്യോഗസ്ഥർ തങ്ങൾക്ക് നെറ്റ് സാലറി മാത്രമേ നൽകാൻ കഴിയൂ എന്ന് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
മറ്റ് ഐ.എ.എസുകാർക്ക് വേണ്ടി കൂടിയാണ് തങ്ങൾ കത്ത് നൽകുന്നത് എന്നാണ് ഇവർ പറഞ്ഞിരുന്നത്. ശമ്പളം കുറഞ്ഞ ജീവനക്കാർപോലും ഒരുമാസത്തെ ശമ്പളം തവണകളായെങ്കിലും നൽകിയപ്പോൾ ലക്ഷങ്ങൾ ശമ്പളം പറ്റുന്നവർ ചലഞ്ചിൽ പങ്കെടുക്കാത്തത് വിമർശന വിധേയമായിട്ടുണ്ട്.