sheela

ലോകമെങ്ങും മീ ടൂ കാമ്പെയിൻ ശക്തമാകുമ്പോൾ ഇങ്ങ് കേരളത്തിൽ മലയാളികളുടെ ഡ്രീം ഗേളായിരുന്ന നായിക ഷീലയ്ക്കുമുണ്ട് ഇതിൽ വ്യക്തമായ അഭിപ്രായം. കുറച്ചുനാളത്തെ ഇടവേളയ്ക്കു ശേഷം എ ഫോർ ആപ്പിൾ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്ന ഷീല കേരളകൗമുദി ഫ്ളാഷുമായി സംസാരിച്ചു..

സിനിമയിലും മറ്റു മേഖലകളിലും മീ ടൂ കാമ്പെയിൻ ശക്തമാകുന്നുണ്ട്, അതേക്കുറിച്ച്?
സിനിമാ മേഖലയിൽ ചുവടുവച്ചിട്ട് 55 വർഷം കഴിയുന്നു. ഇതിനിടയിൽ നിരവധി ഭാഷകളിലുള്ള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. പക്ഷേ എനിക്ക് അത്തരമൊരു അനുഭവം വ്യക്തി ജീവിതത്തിലോ സിനിമാ ജീവിതത്തിലോ നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ ചില പുരുഷൻമാർ കുട്ടികളെയും സ്ത്രീകളെയും ഇത്തരത്തിൽ ഉപദ്രവിക്കുകയും അവരുടെ ജീവിതംതന്നെ തകർക്കുന്ന രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെയുള്ള ആണുങ്ങളെ വെറുതെ നിയമത്തിന്റെ മുന്നിൽ ഏൽപ്പിക്കരുത്. കാരണം ഇത്തരത്തിലുള്ള പീഡന വീരന്മാർ പിടിക്കപ്പെട്ടാലും ഒന്നുകിൽ ചില വക്കീലന്മാരുടെ സഹായത്തോടെ കേസിൽ നിന്ന് ഊരിപ്പോകും. അല്ലെങ്കിൽ കുറച്ചുവർഷത്തെ ജയിൽ ശിക്ഷ മാത്രം കിട്ടും. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാലും പഴയ പണി തന്നെയാകും തുടരുക. ഇത്തരക്കാരുടെ ആണത്തം ഇല്ലാതാക്കണം. മുഖത്തും നെറ്റിയിലും പീഡന വീരനാണെന്ന് പച്ചകുത്തി റോഡിലൂടെ നടത്തിക്കുകയും വേണം. എന്നാൽ മാത്രമേ ഇതിനൊക്കെ കുറച്ചെങ്കിലും പരിഹാരം ഉണ്ടാവൂ.

2017ൽ ഇറങ്ങിയ ബഷീറിന്റെ പ്രേമ ലേഖനത്തിന് ശേഷം ഇടവേള വന്നത്?
നിരവധി അവസരങ്ങൾ വന്നെങ്കിലും കഥയും കഥാപാത്രങ്ങളും അനുയോജ്യമാണെന്ന് തോന്നാത്തതിനാൽ കമ്മിറ്റ് ചെയ്തില്ല. നായികയായിരുന്ന കാലത്തെപോലെ ഓടി നടന്ന് സിനിമ ചെയ്യേണ്ട കാര്യമില്ല. വർഷത്തിൽ ഒന്നോ രണ്ടോ സിനിമയായാലും ലഭിക്കുന്ന കഥാപാത്രങ്ങൾ മികച്ചതായിരിക്കണം. അത് മുൻപും അങ്ങനെ തന്നെയായിരുന്നു. നിർമ്മാതാവ് സുദർശൻ കാഞ്ഞിരംകുളവും സംവിധായകരായ മധുവും, എസ് കുമാറും വന്ന് എ ഫോർ ആപ്പിളിന്റെ കഥ പറഞ്ഞപ്പോൾ എനിക്കിഷ്ടപ്പെട്ടു. അതിൽ ആകർഷിച്ച ഘടകം ജോടിയായി എത്തുന്നത് നെടുമുടി വേണു എന്നുള്ളതാണ്. ഞങ്ങൾ പെയർ ആകുന്നത് ആദ്യമായാണ്. അത്തരം ഒരു മാറ്റം പ്രേക്ഷകർ സ്വീകരിക്കുമെന്നു തന്നെയാണ് വിശ്വാസം.

sheela1

സിനിമ സംവിധാനം ചെയ്യുമോ?
ഇനി ഒരു സിനിമയെക്കുറിച്ച് ശരിക്കു പറഞ്ഞാൽ ചിന്തിച്ചില്ല. കുറച്ചുകൂടി കഴിഞ്ഞ് പറയാം. മുന്നൂറോളം സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞ് ഇത്രയേറെ സംവിധായകരുടെ കൂടെ പ്രവർത്തിച്ച് അനുഭവ പരിചയമുണ്ടായതിന് ശേഷമാണ് ഞാൻ സംവിധായികയുടെ കുപ്പായമണിയാൻ തീരുമാനിച്ചത്. ദിവസവും മധുരംതന്നെ കഴിച്ചാൽ ഇടയ്ക്ക് തോന്നും എരിവും പുളിയുമുള്ള എന്തെങ്കിലും കഴിക്കണമെന്ന്. അതുപോലെ, ഒരു നേരംപോക്കിന് വേണ്ടി ഒരു പരീക്ഷണം എന്ന രീതിയിലാണ് ഞാൻ സിനിമ ഡയറക്ട് ചെയ്തത്. എനിക്ക് സിനിമ ഡയറക്ട് ചെയ്യുന്നത് ഇഷ്ടമാണ്, പക്ഷെ അതൊക്കെ ഭയങ്കര ചുമതലയുളള കാര്യങ്ങളാണ്.

മുൻകാല സഹപ്രവർത്തകരുമായി സൗഹൃദം സൂക്ഷിക്കുന്നുണ്ടോ?
തീർച്ചയായും ഉണ്ട്. കേരളത്തിലായാലും ചെന്നൈയിലായാലും നിറയെ സൗഹൃദങ്ങൾ ഉണ്ട്. സമകാലികരായിരുന്ന താരങ്ങളെ ഫോണിൽ വിളിക്കും, പരിപാടികൾക്ക് വരുമ്പോൾ പരസ്പരം കാണും. മധു, ജയഭാരതി, ശാരദ, ശ്രീലത ഇവരൊക്കെയായിട്ട് ഇപ്പോഴും നല്ല സൗഹൃദത്തിലാണ്, ഞങ്ങൾ തമ്മിലുളള ഈ സൗഹൃദം എക്കാലവും ഇതുപോലെ തുടരും.

ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നുന്നത്?
സിനിമ കാണുന്നതും ഞാൻ അഭിനയിച്ചതും മറ്റുള്ളവർ അഭിനയിച്ചതുമായ സിനിമകൾ വിജയിക്കുന്നതും ഒക്കെ സന്തോഷം തന്നെയാണ്. എന്റെ പ്രധാന ഇഷ്ടമായ പെയിന്റിംഗ് ചെയ്യുമ്പോഴും വളരെ സന്തോഷവതിയാണ്. സ്‌കൂൾ കാലം മുതൽ ചിത്രം വര എനിക്കൊപ്പമുണ്ട്. ക്ലാസിൽ ടീച്ചർമാർ പഠിപ്പിക്കുന്ന സമയത്തും ബുക്കിന്റെ താളുകളിൽ ഞാൻ വരച്ചുകൊണ്ടിരിക്കും. അതിന് നല്ല തല്ലും കിട്ടിയിട്ടുണ്ട്. ഒരു പേപ്പർ കഷ്ണമോ ഭിത്തിയോ കണ്ടാൽ അതിലെല്ലാം ചിത്രം വരയ്ക്കുന്നത് ചെറുപ്പം മുതലുള്ള ശീലമായിരുന്നു.വായനയോടും അതിയായ താത്പര്യമാണ്. തകഴിച്ചേട്ടന്റെ കയർ നോവൽ രണ്ടുപ്രാവശ്യം വായിച്ചു.

sheela-3

തകഴിച്ചേട്ടനുമായുള്ള സൗഹൃദം?
ജീവിതത്തിൽ ഒറ്റ പ്രാവശ്യം മാത്രമേ തകഴിച്ചേട്ടനെ നേരിൽ കണ്ടിട്ടുള്ളൂ. അതും ചെമ്മീൻ സിനിമ റീലീസ് ചെയ്ത് ഇരുപത് വർഷങ്ങൾക്ക് ശേഷം. എടത്വ പള്ളിയിൽ എന്റെ മകന് ഒരു നേർച്ചയുണ്ടായിരുന്നു. അതിന് വേണ്ടി അന്ന് തകഴി ഭാഗത്തുകൂടി പോകവേ ഞങ്ങളുടെ കാർ റെയിൽവേ ഗേറ്റിന് സമീപം നിറുത്തിയിട്ടിരുന്നു. ഈ സമയം പുറത്ത് ചാറ്റൽ മഴയത്ത് ഒരാളുടെ കുടയുടെ അരിക് ചേർന്ന് തകഴിച്ചേട്ടൻ വരുന്നുണ്ടായിരുന്നു. എന്റെ കാറിന്റെ ഡ്രൈവർ എന്നോട് ചോദിച്ചു ഈ വരുന്ന ആളെ അറിയുമോ എന്ന്. അറിയില്ല എന്ന് പറഞ്ഞു. ഇതാണ് കറുത്തമ്മയുടെ തകഴിച്ചേട്ടൻ എന്ന് പറഞ്ഞപ്പോൾ സന്തോഷംകൊണ്ട് കാറിൽ നിന്നും പുറത്ത് ചാടി മഴയത്ത് നനഞ്ഞ് ഉച്ചത്തിൽ കാറിക്കൊണ്ട് മതിലിനു മുകളിലൂടെ വലിഞ്ഞു കേറി തകഴി ചേട്ടന്റെ അടുത്ത് ചെന്ന് ചോദിച്ചു എന്നെ അറിയുമോ എന്ന്. എന്റെ നേരെ നോക്കി തകഴി ചേട്ടൻ ചോദിച്ചു 'ആരാ' എന്ന്. ഞാൻ ഷീലയാണെന്നും ചെമ്മീനിലെ കറുത്തമ്മയാണെന്നും പറഞ്ഞപ്പോൾ സ്‌നേഹത്തോടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി ചായയും പലഹാരങ്ങളുമൊക്കെ തന്നാണ് തിരികെ വിട്ടത്. പിന്നീട് ഒരിക്കലും നേരിൽ കാണാൻ പറ്റിയിട്ടില്ല.