kollam-thulasiകൊല്ലം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ്ത്രീകളെയും ജഡ്ജിമാരെയും അധിക്ഷേപിച്ച് നടൻ കൊല്ലം തുളസി രംഗത്ത്. ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകളെ പ്രവേശിപ്പിക്കമെന്ന സുപ്രീം കോടതി വിധി പുറപ്പെടുവിച്ച ജഡ്ജിമാർ ശുംഭൻമാരാണെന്ന് കൊല്ലം തുളസി പറഞ്ഞു. ശബരിമലയിൽ എത്തുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും അതിൽ ഒരു ഭാഗം ഡൽഹിയിലേക്കും മറ്രൊന്ന് കേരള മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇട്ടുകൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലം ചവറയിൽ ബി.ജെ.പി സംഘടിപ്പിച്ച വിശ്വാസ സംരക്ഷണറാലിയിൽ സംസാരിക്കുകയായിരുന്നു തുളസി.

അതേസമയം,ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ പന്തളം രാജകുംടുംബത്തിന്റെ ഏകദിന നാമയജ്ഞം ആരംഭിച്ചു. അയ്യപ്പ ധർമ്മ സംരക്ഷണ സമിതിയും ഏകദിന നാമയജ്ഞത്തിൽ പങ്കെടുക്കുന്നുണ്ട്. സെക്രട്ടേറിയറ്റിന് മുന്നിൽ രാവിലെ മുതൽ വൈകിട്ട് ആറ് വരെയാണ് യജ്ഞം. പന്തളം രാജപ്രതിനിധി ശശികുമാർ വർമ്മ പരിപാടി ഉദ്ഘാടനം ചെയ്തു.

ഒരു കൊടിയ്ക്ക് കീഴിലും അണിനിരക്കാനില്ലെന്നും സ്വന്തം നിലയിലും അയ്യപ്പ ധർമ്മ സംരക്ഷണ സമിതിയുടെ പിന്തുണയോടെയും മാത്രമാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നാണ് രാജ കുടുംബ പ്രതിനിധി വ്യക്തമാക്കുന്നത്. അപ്പോഴും കോൺഗ്രസ് നേതാക്കളായ പന്തളം സുധാകരൻ, മുൻ മന്ത്രി വിഎസ് സുനിൽ കുമാർ എന്നിവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.