ന്യൂഡൽഹി: കാലാവധി പൂർത്തിയാക്കാൻ എട്ടുമാസം ബാക്കിനിൽക്കെ ഇക്കഴിഞ്ഞ സെപ്തംബർ ആറിനാണ് കെ. ചന്ദ്രശേഖര റാവുവിന്റെ ( കെ.സി.ആർ) നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്രീയ സമിതി (ടി.ആർ.എസ്) മന്ത്രിസഭ, തെലങ്കാനയിൽ പിരിച്ചുവിടുന്നത്. 2019ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് റാവു, മന്ത്രിസഭ പിരിച്ചുവിട്ടത്. നിലവിൽ കാവൽ മുഖ്യമന്ത്രിയാണ് ചന്ദ്രശേഖരറാവു.
നിലവിൽ ടി.ആർ.എസിന് 90 എം.എൽ.എമാരാണുള്ളത്. വരുന്ന തിരഞ്ഞെടുപ്പിലും വൻ ഭൂരിപക്ഷത്തോടെ ജയിക്കാമെന്ന കണക്കുകൂട്ടലിലാണ് ടി.ആർ.എസ്. ആ ആത്മവിശ്വാസത്തിനും പ്രതിപക്ഷം ഉയർത്തുന്ന വെല്ലുവിളികൾക്കും ജനങ്ങൾ എത്ര മാർക്ക് നൽകുമെന്ന വിലയിരുത്തൽ കൂടിയാകും നവംബർ ഏഴിന് നടക്കുന്ന തിരഞ്ഞെടുപ്പ്.
സംസ്ഥാനത്തെ അനുകൂല രാഷ്ട്രീയ സാഹചര്യം മുതലാക്കാമെന്ന് കണക്കുകൂട്ടിയാണ് റാവു കാലാവധിക്കു മുൻപ് നിയമസഭ പിരിച്ചുവിട്ടത്. ജനകീയ പ്രക്ഷോഭ നായകനായ മുഖ്യമന്ത്രിക്കും പാർട്ടിക്കും വെല്ലുവിളിയാകാൻ പ്രതിപക്ഷ നിരയ്ക്ക് കഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ശുഭാപ്തി വിശ്വാസവുമായി ടി.ആർ.എസ്
ടി.ആർ.എസ് 105 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. വീണ്ടുമൊരു അഞ്ചുവർഷം നൽകിയാൽ വികസനം കൊണ്ടുവരുമെന്നാണ് കെ.സി.ആർ വാഗ്ദാനം.
വെല്ലുവിളിയായി കോദണ്ഡരാം
ഭരണം ലഭിച്ചപ്പോൾ ചന്ദ്രശേഖര റാവു ലക്ഷ്യം മറന്നുവെന്ന് ആരോപിച്ച് അദ്ദേഹത്തിനൊപ്പം മുമ്പ് സമരം നയിച്ച തെലങ്കാന ജോയിന്റ് ആക്ഷൻ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ എം. കോദണ്ഡരാം തെലങ്കാന ജനകീയ സമിതി എന്ന രാഷ്ട്രീയ പാർട്ടിയുമായി രംഗത്തുള്ളത് ടി.ആർ.എസിന് വെല്ലുവിളിയാണ്. കർഷക പ്രശ്നങ്ങളിലും പൊതുസമൂഹത്തോടും റാവു മുഖം തിരിക്കുന്നതായാണ് കോദണ്ഡരാമിന്റെ പ്രധാന ആരോപണം.
കരകയറാൻ നോക്കി കോൺഗ്രസ്
സീമാന്ധ്ര, റായൽസീമ ദേശത്തുകാരുടെ പ്രതിഷേധങ്ങൾ, ആത്മഹത്യകൾ, ഡൽഹിയിൽ പാർലമെന്റിനുള്ളിൽ നടന്ന പരാക്രമങ്ങൾ എന്നിവ മറികടന്നാണ് 2014ൽ രണ്ടാം യു.പി.എ സർക്കാർ ആന്ധ്രയെ വിഭജിച്ച് തെലങ്കാന സംസ്ഥാനമുണ്ടാക്കിയത്. പക്ഷേ അത് പ്രയോജനപ്പെടുത്താൻ കോൺഗ്രസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇക്കുറി ശക്തമായ പോരാട്ടം നടത്താനുള്ള ശ്രമത്തിലാണ് പാർട്ടി.
കളമറിഞ്ഞ് ബി.ജെ.പി
പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ അടക്കം സഹായിച്ച ടി.ആർ.എസുമായി ബി.ജെ.പിക്കുള്ള ദേശീയ രാഷ്ട്രീയത്തിലെ ധാരണകൾ തെലങ്കാനയിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് ഏവരും ഉറ്റുനോക്കുന്നു.
2014ൽ അഞ്ചിലൊതുങ്ങിയ സീറ്റുകൾ വർദ്ധിപ്പിക്കാനാകും ഇത്തവണ ശ്രമം. സി.പി.എം നേതൃത്വം നൽകുന്ന ഇടതുപക്ഷം ബഹുജന മുന്നണിയായും മത്സര രംഗത്തുണ്ട്.