ഹൈദരാബാദ്: കോൺഗ്രസിൽ നിന്ന് രാജിവച്ച് രാവിലെ ബി.ജെ.പിയിൽ ചേർന്ന നേതാവ് വൈകിട്ടോടെ പാർട്ടിയിൽ തിരികെയെത്തി. തെലങ്കാനയിലെ മുതിർ കോൺഗ്രസ് നേതാവ് സി. ദാമോദർ രാജനരസിംഹയുടെ ഭാര്യ പദ്മിനി റെഡ്ഡിയാണ് ആയാറാം ഗയാറാം കളിച്ചത്. സാമൂഹ്യപ്രവർത്തക കൂടിയായ പദ്മിനി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. ലക്ഷ്മണന്റെ സാന്നിദ്ധ്യത്തിൽ ഇന്നലെ രാവിലെയാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്.
എന്നാൽ വൈകിട്ടോടെ അവർ തീരുമാനം മാറ്റി. രാത്രി ഒൻപതിന് താൻ തിരികെ കോൺഗ്രസിലേക്ക് വരികെയാണെന്ന് പ്രഖ്യാപിച്ചു. പാർട്ടി വിട്ടതിനോട് കോൺഗ്രസ് പ്രവർത്തകർ വളരെ വികാരഭരിതരായാണ് പ്രതികരിക്കുന്നതെന്നും അതിനാൽ മടങ്ങിപോകുകയാണെന്നുമായിരുന്നു സംഭവത്തെകുറിച്ച് അവരുടെ പ്രതികരണം. പദ്മിനി റെഡ്ഡി കാര്യങ്ങൾ വ്യക്തമായി മനസിലാക്കാൻ കഴിവുള്ള വ്യക്തിയാണെന്നും അവരുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും തെലങ്കാന ബി.ജെ.പി വക്താവ് കൃഷ്ണ സാഗർ റാവു അറിയിച്ചു. രാഷ്ട്രീയത്തിൽ വ്യക്തിസ്വാതന്ത്ര്യമുണ്ടെന്നായിരുന്നു പദ്മിനിയുടെ ബി.ജെ.പി പ്രവേശനവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജനരസിംഹയുടെ പ്രതികരണം. അവിഭക്ത ആന്ധ്രാപ്രദേശിലെ എൻ. കിരൺകുമാർ റെഡ്ഡി മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്ന രാജനരസിംഹ നിലവിൽ കോൺഗ്രസിന്റെ പ്രകടനപത്രിക കമ്മിറ്റി ചെയർമാനാണ്.