ദൈനംദിന ആവശ്യങ്ങൾക്കുള്ള ഊർജം ഭക്ഷണത്തിലൂടെയാണ് ശരീരത്തിന് ലഭിക്കുന്നത്. എന്നാൽ ആഹാരം അധികമാകുമ്പോൾ അമിതമായി വരുന്ന ഊർജം കൊഴുപ്പായി ശരീരത്തിൽ അടിഞ്ഞുകൂടി അമിതവണ്ണത്തിന് കാരണമാകുന്നു. ഇത് കൂടാതെ ഹോർമോണിന്റെ വ്യതിയാനം, പാരമ്പര്യ ഘടകങ്ങൾ എന്നിവയും അമിതവണ്ണത്തിന് കാരണമാകാം.
ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം, ചിലതരം അർബുദം എന്നിവയ്ക്ക് അമിതവണ്ണം കാരണമാകാം. അതിനാൽ ചെറുപ്പം മുതലേ ശരീരഭാരം നിയന്ത്രിക്കുന്നത് പലതരം ബുദ്ധിമുട്ടുകൾ ഒഴിവാക്കുവാൻ സഹായിക്കുന്നു. അമിതവണ്ണത്തിന് ഏറ്റവും പ്രധാന കാരണം ആഹാരം തന്നെയാണ്. എന്നാൽ പട്ടിണി കിടന്ന് തടികുറയ്ക്കാം എന്ന ചിന്താരീതി തെറ്റാണ്.
അത് പോഷകാഹാരക്കുറവുമൂലമുള്ള രോഗങ്ങളിലേക്ക് വഴിവച്ചേക്കാം. സമീകൃതഹാരം അല്ലെങ്കിൽ നാരുകൾ അടങ്ങിയ പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക വഴി ശരീരത്തിനുള്ളിലെ പ്രവർത്തനങ്ങളെ സുഗമമാക്കാനും കൊഴുപ്പ് അടിയുന്നത് തടയാനും കഴിയുന്നു. ഭക്ഷണത്തിന് മുമ്പായി വെള്ളവും സാലഡും നന്നായി കഴിക്കാം.
കൊഴുപ്പും കാർബോഹൈഡ്രേറ്റും ധാരാളമടങ്ങിയ ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും പൂർണമായി ഒഴിവാക്കുക. മയോണൈസ്, ചീസ് എന്നിവ ചേർത്ത വെജിറ്റേറിൻ ആഹാരങ്ങളിലും കൊഴുപ്പ് കൂടുതലാണ്. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ, പോത്തിറച്ചി, ആട്ടിറച്ചി, പന്നിയിറച്ചി എന്നിവ ഒഴിവാക്കണം. ശീതളപാനീയങ്ങളുടെ അമിത ഉപയോഗവും പൊണ്ണത്തടിയിലേക്ക് നയിക്കും.
ഊർജം കുറഞ്ഞ ഭക്ഷണത്തോടൊപ്പം വ്യായാമം ചെയ്യുന്നതും ശരീരഭാരം നിയന്ത്രിക്കുവാൻ സഹായിക്കുന്നു. എല്ലാദിവസവും വ്യായാമം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. ശരീരഭാരവും ഉയരവും നോക്കി അമിതവണ്ണം ഉണ്ടോ എന്നറിയുവാനുള്ള സൂചികയാണ് ബോഡി മാസ് ഇൻഡക്സ് (ബി.എം.ഐ.). ഇത് 23 ൽ കൂടുതൽ ആയാൽ അമിതവണ്ണവും 30ൽ കൂടുതൽ ആയാൽ പൊണ്ണത്തടിയും കണക്കാക്കുന്നു.