തിരുവനന്തപുരം: പ്രളയ കാലത്ത് വാരിക്കോരി വാഗ്ദാനങ്ങൾ നൽകിയെങ്കിലും സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം ദുരിതാശ്വാസ പ്രവർത്തനങ്ങൾ പാടെ തകിടം മറിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി. 10,000 പതിനായിരം രൂപ വീതം ദുരിത ബാധിതർക്ക് അടിയന്തര ആശ്വാസമായി നൽകുമെന്ന പ്രഖ്യാപനം പോലും നടപ്പായില്ല, വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് ഒരു ലക്ഷം രൂപ പലിശ രഹിത വായ്പയായി നൽകുമെന്നും സർക്കാർ പറഞ്ഞിരുന്നു. എന്നാൽ ഇതുവരെ ആർക്കും ആ തുക ലഭിച്ചിട്ടില്ല. വായ്പയുടെ തിരച്ചടവ് ഉറപ്പാക്കുന്നത് കുടംബശ്രീ വഴിയായിരിക്കും ഇത് നൽകുക എന്നും പറഞ്ഞിരുന്നു. സ്വയം സഹായ സംഘങ്ങൾക്കും, കുടംബശ്രീകൾക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുമെന്നാണ് സർക്കാർ പറഞ്ഞത്. എത്ര സ്വയം സഹായസംഘങ്ങൾക്കും, കുടുംബശ്രീയൂണിറ്റുകൾക്കും ഈ സഹായം ലഭ്യമാക്കി എന്ന് സർക്കാർ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ശബരിമല സീസൺ തുടങ്ങാൻ ഇനി ഏതാനും ആഴ്ചകൾ മാത്രമെ ബാക്കിയുള്ളു. പ്രളയത്തിൽ തകർന്ന പമ്പയിലേയും സന്നിധാനത്തിലേയും റോഡുകളുടെയും നിർമാണം എങ്ങുമെത്തിയിട്ടില്ല. പമ്പയുടെ പുനർ നവീകരണത്തിനായി ഒരു ഉന്നത തല സമിതിയെ സർക്കാർ രൂപീകരിച്ചിരുന്നു. ആ സമിതി എത്ര തവണ യോഗം ചേർന്നു, എന്തൊക്കെ തിരുമാനങ്ങൾ എടുത്തുവെന്നും ചെന്നിത്തല ചോദിച്ചു.