ലണ്ടൻ: എന്താ വിവാഹം കഴിക്കുന്നില്ലേ?-വയസ് ഇരുപതുകഴിഞ്ഞാൽ സ്ഥിരം ഉത്തരം നൽകേണ്ട ചോദ്യമാണിത്. ഇതുകേട്ട് കൺട്രോളുപോയില്ലെങ്കിൽ ഭാഗ്യം. ഇൗ ചോദ്യംകേട്ട് മടുത്ത് വീട്ടുകാരെ ഒരിക്കലും പ്രതീക്ഷിക്കാത്ത തീരുമാനത്തിലൂടെ ഞെട്ടിച്ചിരിക്കുകയാണ് ഓക്സ് ഫോർഡ് സർവകലാശാലയിലെ വിദ്യാർത്ഥിനി ലുലു ജമീമാ.ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ജമീമ തന്നത്തന്നെയങ്ങ് കെട്ടി.
മുപ്പത്തിരണ്ടുകാരിയായ ജമീമയെ കെട്ടിക്കാൻ വീട്ടുകാർ കുറച്ചുനാളായി ശ്രമിക്കുകയാണ്. പക്ഷേ, കക്ഷി പിടികൊടുത്തില്ല.അതോടെ നിർബന്ധം ഏറി. നാലാൾ കൂടുന്നിടത്തെത്തിയാൽ കല്യാണം എന്നാണെന്ന് ചോദിച്ച് ബന്ധുക്കളും കൂട്ടുകാരുമൊക്കെ എത്തും.
പലപ്പോഴും പൊട്ടിത്തെറിക്കാനുള്ള മനസുണ്ടെങ്കിലും എല്ലാം കടിച്ചമർത്തി. ഇതിൽ നിന്നെല്ലാം രക്ഷപ്പെടാനാണ് തന്നെത്തന്നെ വിവാഹംകഴിക്കാൻ ജമീമ തീരുമാനിച്ചത്. എന്നാൽ ഇക്കാര്യം ആരെയും അറിയിച്ചില്ല. താൻ വിവാഹിതയാവാൻ പോകുന്നു എന്നുമാത്രമാണ് പറഞ്ഞത്. അതോടെ എല്ലാവർക്കും സന്തോഷമായി.വരനെക്കുറിച്ച് ചോദിച്ചെങ്കിലും അതെല്ലാം സസ്പെൻസിൽ വച്ചു. ഒടുവിൽ വിവാഹദിനമെത്തി. മനോഹരമായ വിവാഹ വസ്ത്രം ധരിച്ച് ഒരുങ്ങി സുന്ദരിയായ ജമീമ മണ്ഡപത്തിലെത്തി. വരനെ കാണാൻ എല്ലാവരും കാത്തിരിക്കുകയാണ്. അപ്പോഴാണ് തന്നെ വിവാഹം കഴിക്കാൻ പോകുന്നത് താൻതന്നെയാണ് ജമീമ പറഞ്ഞത്. ഞെട്ടിയെങ്കിലും ആരും എതിരുപറഞ്ഞില്ല.സാധാരണപോലെ ചടങ്ങുകൾ നടന്നു.
എന്നാൽ, ജമീമയുടെ തീരുമാനത്തിൽ കുടുംബാംഗങ്ങൾ സന്തുഷ്ടരല്ല. ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുള്ള തനിക്ക് വിദ്യാഭ്യാസ രംഗത്ത് ഉയരങ്ങൾ കീഴടക്കാനുണ്ടെന്നുമാണ് ജമീമ പറയുന്നത്. അതിനാൽ ഇപ്പോൾ വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നില്ല.
പഠനത്തോടുള്ള മകളുടെ താല്പര്യം മനസിലാക്കിയ വീട്ടുകാർ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ അവസാനിപ്പിച്ചിരിക്കുകയാണ്. ഉഗാണ്ടക്കാരിയാണ് ജമീമ.