കൊൽക്കത്ത:ദുർമന്ത്രവാദിയെന്നാരോപിച്ച് എഴുപത്തിമൂന്നുകാരന്റെ കൈവിരലുകൾ നാട്ടുക്കൂട്ടം മകനെക്കൊണ്ട് വെട്ടിമാറ്റിച്ചു. ശാന്തിനികേതന് സമീപത്തായിരുന്നു കൊടുംക്രൂരത.ഗുരുതരമായി പരിക്കേറ്റ ഫാൻഡി സർദാറിനെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. ഗ്രാമത്തിലെ ചിലർക്ക് പകർച്ചവ്യാധികൾ പിടിപെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. ഫാൻഡി ദുർമന്ത്രവാദം നടത്തിയതിനാലാണ് ഇതെന്നായിരുന്നു പ്രദേശവാസികളുടെ പരാതി. ഇത് നാട്ടുക്കൂട്ടത്തിന്റെ ചെവിയിലുമെത്തി. ചിലർ തെളിവുകളും നൽകി. അവ പരിശോധിച്ചശേഷം ഫാൻഡിയെ ഹാജരാക്കാൻ നാട്ടുക്കൂട്ടം ഉത്തരവിട്ടു. വിചാരണയ്ക്കൊടുവിൽ ഫാൻഡി കുറ്റംചെയ്തെന്ന് കണ്ടെത്തി. ഇനിമേലിൽ ദുർമന്ത്രവാദം ചെയ്യാതിരിക്കാൻ കൈവിരലുകൾ മുറിച്ചുകളയണമെന്നും അത് മകൻതന്നെ ചെയ്യണമെന്നും വിധിച്ചു. വിധിയെ മകൻ ഹരീഷ് എതിർത്തതോടെ ഭീഷണിയുമായി അയൽവാസികൾ എത്തി. എത്രയുംപെട്ടെന്ന് വിധിനടപ്പാക്കിയില്ലെങ്കിൽ ഫാൻഡിയെ കൊല്ലുമെന്നായിരുന്നു ഭീഷണി. ഗത്യന്തരമില്ലാതെ ഹരീഷ് വിധി നടപ്പാക്കുകയായിരുന്നു. സംഭവമറിഞ്ഞ് പൊലീസ് എത്തിയതോടെ നാട്ടുക്കൂട്ടത്തിലെ പ്രധാനികൾ മുങ്ങി. ഹരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.