vs-achuthanandan

തല നരയ്ക്കുവതല്ലെൻ വൃദ്ധത്വം,
തലനരക്കാത്തതല്ലെൻ യുവത്വവും
കൊടിയ ദുഷ്പ്രഭുത്വത്തിനു തിരുമുമ്പിൽ
തലകുനിക്കാത്തതാണ് എന്റെ യൗവനം…


ഈ കവി വചനം ഒരിക്കൽ ഉദ്ധരിച്ചത് വി എസ് അച്യുതാനന്ദൻ തന്നെയാണ്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് രാഹൂൽഗാന്ധി ഉയർത്തിയ ഒരു വിമർശനം വി എസിന്റെ പ്രായത്തെ കുറിച്ചായിരുന്നു. അന്ന് 87 വയസുണ്ടായിരുന്ന വി എസിന് കേരളത്തെ നയിക്കാൻ കെൽപ്പുണ്ടാകില്ലെന്നായിരുന്നു പരിഹാസ വിമർശനത്തിന്റെ കാര്യഭാഗം. ഇത് ശ്രദ്ധയിൽപ്പെടുത്തിയ മാധ്യമപ്രവർത്തകരോട് അദ്ദേഹം എടുത്തപാടെ ആ നാലുവരി ഈണത്തിൽ ചൊല്ലി. അവസാനത്തെ രണ്ടുവരി സ്വരമുയർത്തി ആവർത്തിച്ചു.
ഈ ഒക്‌ടോബർ 20 ന് വി എസ് അച്യുതാനന്ദന് 95 വയസ്സ് തികഞ്ഞ് 96 ലേക്ക് കടക്കും. മേൽ ഉദ്ധരിച്ച കവിവചനം ഇനിയും അദ്ദേഹത്തിന് അന്വർഥം:

സമ്പൂർണ്ണ രാഷ്ട്രീയ നേതാവ് എന്ന ആ തീപന്തം ജ്വലിച്ചാളി നിൽക്കുന്നു.
വി എസ് പട്ടാളത്തിൽ ചേർന്നിട്ടില്ല; പട്ടാളത്തോട് ഏറ്റുമുട്ടിയിട്ടേയുള്ളൂ. പക്ഷേ, അദ്ദേഹത്തിന്റെ ജീവിതം പട്ടാളചിട്ടയിലാണ് ക്രമപ്പെടുത്തിയിട്ടുള്ളത്. മറ്റാരുമല്ല; അദ്ദേഹം തന്നെ വലിയ സങ്കീർണ്ണതയൊന്നും അതിൽ ഇല്ല. പുലരും മുമ്പേ ഉണരും. അരമണിക്കൂർ ആഞ്ഞുവലിഞ്ഞു നടത്തം(ഇപ്പോഴത്തെ നടത്തത്തിനു ആഞ്ഞുവലിഞ്ഞെന്നത് ഒഴിവാക്കാം). യോഗാഭ്യാസം, ഇളംവെയിൽകായൽ, സമൃദ്ധമായ കുളി, ഉച്ചയൂണ് കഴിഞ്ഞ് ഒരു മയക്കം. രാത്രി പത്തുമണിയോടെ ഉറക്കം.

ഏതാണ്ട് 40 വർഷം മുമ്പാണ് ഇപ്പോഴത്തെ ഭക്ഷണക്രമം നിലവിൽ വന്നത്. ഇത് മറ്റുള്ളവർക്ക് അനുകരിക്കുക പ്രയാസമാണ്. ഭക്ഷണചിട്ടയുടെ മർമ്മം മിതത്വമാണ്. എരിവ്, പുളി, എണ്ണ, മസാല തുടങ്ങിയവ ആരോഗ്യപോഷണഘടകങ്ങൾ അല്ല എന്ന് എല്ലാവർക്കും അറിയാം. പക്ഷേ, ഈ അറിവുള്ളവരെല്ലാം അതുവകവെക്കാറില്ല. വി എസ് അതെല്ലാം കർശനമായും വകവെക്കുന്നു. ചായയും, കാപ്പിയും ഊർജ്ജദായകമോ, മറ്റേതെങ്കിലും ഗുണങ്ങളോ പ്രദാനം ചെയ്യുന്നുവെന്നും വി എസ് വിശ്വസിക്കുന്നില്ല. അതുകൊണ്ടു തന്നെ അവയൊക്കെ എന്നേ അദ്ദേഹം വർജ്ജിച്ചു. ചൂടുവെള്ളം, കരിക്കിൻവെള്ളം, ചിലയിനം പഴച്ചാറ്; വി എസിന്റെ ശരീരത്തിൽ പ്രവേശനാനുവാദം ഉള്ള ദ്രാവകങ്ങളുടെ പട്ടികയിൽ ഇത്രമാത്രം. പ്രമേഹം ആ പടികടന്നിട്ടില്ല. കൊളസ്‌ട്രോളിന്റെ കാര്യം പറയാനുമില്ല. വി എസിന്റെ ഡോക്ടർ ഭരത്ചന്ദ്രൻ ഒരിക്കൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത് ഇപ്രകാരമാണ്. 'വി എസിന്റെ രക്തധമനികൾ ആരോഗ്യവാനായ ഇരുപത്തഞ്ചുകാരന്റേതുപോലെ ശുദ്ധമാണ്''.

വി എസിന്റെ ആകെ ഒരു ശല്ല്യക്കാരൻ പ്രഷറാണ്. വിശ്രമരാഹിത്യത്തിന്റെ കൂട്ടുകാരൻ. അവൻ അടുത്തുകൂടുമ്പോൾ വി എസ് നന്നായൊന്നു വിശ്രമിക്കും. ഉറങ്ങും, അതോടെ അവൻ ഇറങ്ങിപോവുകയും ചെയ്യും.
1979 ൽ വി എസിന്റെ ഹൃദയം ഒന്നിടഞ്ഞു; ചെറുതായി. ഭേദമായപ്പോൾ ഡോക്ടർ നിർദ്ദേശിച്ചു, ശരീരഭാരം കുറയ്ക്കണം. 45നും 50 നും ഇടയ്ക്കു നിർത്തണം.

എന്താമാർഗ്ഗം. മരുന്നു വല്ലതും- വി എസ് ആരാഞ്ഞു. ഒന്നും വേണ്ട ഭക്ഷണം കുറച്ചാൽ മതി. തീരുമാനിച്ചു. രണ്ടാഴ്ച്ച നേരെചൊവ്വെ ഉറങ്ങിയില്ല; വിശന്നിട്ട്. വി എസ് തന്നോട് തന്നെ പോരാടി. സമരഭരിതമായ ജീവിതം വിജയിച്ചു. ഉറക്കം വഴങ്ങി. ഭക്ഷണത്തിൽ പുതിയക്രമമായി. ശരീരഭാരം വഴങ്ങി. 39വർഷം കഴിഞ്ഞു. ഇതുവരെ ചാഞ്ചാട്ടമില്ല. ഡോക്ടർമാർക്ക് അതിശയമാണ്; ഡോക്ടർമാരുടെ നിർദ്ദേശം ഇത്രയും കർശനമായി പാലിക്കുന്ന വരുണ്ടോ?. വി എസ് പരിപാടികൾക്ക് വീടു വിട്ട് പോകുമ്പോൾ ഭാര്യ കെ വസുമതിക്ക് ടെൻഷനില്ല. കാരണം, നിർദ്ദിഷ്ട ആഹാരം മാത്രമേ കഴിക്കു. മറിച്ച് ആരു നിർബന്ധിച്ചാലും ഫലമില്ലെന്ന് വസുമതിക്ക് നന്നായറിയാം.

കഠിനാധ്വാനത്തിനും സ്വയംപഠനത്തിനും ഇതുപോലൊരു മാതൃക സാധരണമല്ല. 95-ാം വയസ്സിലും ഇവയുടെ മാറ്റ് കുറഞ്ഞിട്ടില്ലതന്നെ. വി എസ് ഇപ്പോൾ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനും, മലമ്പുഴ എം എൽ എ യുമാണ്. രണ്ടുംചേർത്ത് ഭാരിച്ച ജോലിയും, ചുമതലയുമാണ്. കമ്മീഷന്റെ പ്രവർത്തനം ദൈനംദിനം സജീവമാണ്. ഇതിനകം, സമഗ്രമായ രണ്ടു ഭരണപരിഷ്‌കരണ റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിച്ചു. മറ്റു രണ്ടു വിഷയങ്ങളിലുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. റിപ്പോർട്ട് തയ്യാറാക്കുന്നതിന് പിന്നിൽ വലിയ ശ്രമമുണ്ട്. വിദഗ്ധരുമായി കൂടിയാലോചന, സംസ്ഥാനത്തിന്റെ അരഡസൻ പ്രദേശങ്ങളിലെങ്കിലും 'പബ്ലിക് ഹിയറിംഗ്' എന്ന നിലയിൽ പൊതുജനങ്ങളുമായി ആശയവിനിയമയം എന്നിങ്ങനെ വിവര, നിർദ്ദേശസമാഹരണം പലവഴിയാണ്. കൂലങ്കുഷമായ അത്തരം പ്രവർത്തനങ്ങളുടെ ക്രോഡീകരണമാണ് ഓരോ റിപ്പോർട്ടും. എല്ലാ പബ്ലിക്ഹിയറിംഗിനും വി എസ് എത്തുന്നു. ബാക്കി പ്രവർത്തനങ്ങളിലും അനിവാര്യമായ ചെയർമാന്റെ പങ്കാളിത്തം വീഴ്ച്ചകൂടാതെ നിർവ്വഹിക്കപ്പെടുന്നു. പറഞ്ഞുവന്നത്, കമ്മീഷനുമായി ബന്ധപ്പെട്ട ഭാരിച്ച ജോലികളെക്കുറിച്ചാണ്.

കഴിഞ്ഞവെള്ളപ്പൊക്ക ദുരിതത്തെ തുടർന്ന് വി എസ് മലമ്പുഴ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും ചെന്ന് ദുരിതബാധിതരെ വിളിച്ചുകൂട്ടി സംസാരിച്ചു. ഓരോരുത്തരോടും വിഷമതകൾ ചോദിച്ചറിഞ്ഞു. നിവേദനങ്ങൾ വാങ്ങി. വലിയൊരു കെട്ടു നിവേദനവുമായാണ് വി എസ് മടങ്ങിയത്. ദിവസങ്ങൾക്കുള്ളിൽ തന്നെ അവയുടെ പരിശോധന നടത്തി. ചിലത് സർക്കാരിന് നൽകാനുള്ളത്, മറ്റ് ചിലത് കൈകാര്യം ചെയ്യേണ്ടത് ജില്ലാഭരണകൂടം. ഓരോന്നും ആ വിധം തരംതിരിച്ച് മേൽകത്ത് തയ്യാറാക്കി തന്റെ കൈയ്യോപ്പോടെ എത്തേണ്ടിടത്ത് എത്തിച്ചു. അവയെകുറിച്ച് നടപടിക്ക് സാവകാശം നൽകി കാത്തിരിക്കുകയാണ് വി എസ്.
തന്റെ മണ്ഡലത്തെ തന്റെ വീടു പോലെ കാക്കുകയാണ് വി എസ്.

എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കുന്നത് പുനപരിശോധിക്കണമെന്ന് വി എസ് സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. . അത് അവിടെ വന്നിരുന്നെങ്കിൽ ജലം അത്രയും ഊറ്റിയെടുത്തേനെ. ജലക്ഷാമമുള്ള പ്രദേശമാണ്. പാനീയനിർമ്മാണ സ്ഥാപനങ്ങൾ വേറെയുമുണ്ട്. ഇതുകൂടി വന്നാൽ, ജനങ്ങളുടെ കുടിവെള്ളം മുട്ടുമെന്ന് ആശങ്കമുക്തി സഹം.

രാവിലെ 10 ന് കവടിയാർ ഹൗസിലെ ഓഫീസിൽ വി എസ് ഹാജർ. സന്ദർശകർക്കും ആവലാതികാർക്കും സന്ദർശാനാവസരം. അവിടെ നിന്ന് എഴുന്നേൽക്കുമ്പോൾ ഒരു മണി കഴിയും. ഊണ് കഴിച്ച് വിശ്രമം കഴിഞ്ഞ്, നാല് മണിക്കു വീണ്ടും ഓഫീസിൽ. സന്ദർശകരും, മറ്റു ജോലികളും തീരും വരെ അവിടെ. അതിന് മണിക്കണക്കൊന്നും ഇല്ല.

ഇത് പുറത്തു പരിപാടികൾ ഇല്ലാത്ത ദിവസങ്ങളിലെ ക്രമം. പരിപാടികൾക്ക് യഥാസമയം എത്തുന്നത് വി എസിന് നിർബന്ധമാണ്. പ്രായം പരിഗണിച്ച് സഹായികൾ പരിപാടികളുടെ എണ്ണം കുറയ്ക്കാൻ ശ്രമിക്കാറുണ്ട്; വി എസ് അറിയാതെ. ദിവസം രണ്ടു പരിപാടി ആയിക്കോട്ടെ എന്നാണ് വി എസിന്റെ നിർദ്ദേശം. വി എസ് നിയമസഭയിലെ ത്തിയാൽ, മാധ്യമഭാഷയിൽ 'ഫുൾഫോമിലാകും'. പ്രളയദുരിതത്തെക്കുറിച്ച് ചർച്ചയ്ക്കു ചേർന്ന നിയമസഭയുടെ സമ്മേളനത്തിൽ സഭ കാതുകൂർപ്പിച്ച് കേട്ടിരുന്ന പ്രസംഗമായിരുന്നു വി എസിന്റേത്. ജനക്കൂട്ടത്തിന്റെ ആരവവും സ്‌നേഹവായ്പ്പും വി എസിന് ഊർജ്ജമാണ്. അവരുടെ മുന്നിൽ വി എസ് പ്രായം മറക്കും. സ്വരം ഉയരും. സ്വസിദ്ധശൈലി പുറത്തുചാടും.

പഴയ ഏഴാംക്ലാസുകാരനാണ് വി എസ്. ഒരിക്കൽ ഗൗരിയമ്മ പറഞ്ഞു , 'അയാൾ പണ്ടേ അങ്ങനാ, ഇരുന്നും, കിടന്നും വായനയും പഠിത്തവുമാ. പഠിച്ചുയരണം; ഒറ്റച്ചിന്ത…''. വി എസിനെ അടുത്തറിയുന്ന ഏതൊരാളും ഈ നിരീക്ഷണത്തിന്റെ സാക്ഷിയാവും. ഒഴിവു സമയം മറ്റൊന്നിനുമല്ല; ഇപ്പോഴും തുടരുന്ന വായന. ഹിന്ദി പഠനം വരെ.

ഒരിക്കൽ,ഒരു പ്രസംഗത്തിൽ പഴയകാല ജീവിതം അനുസ്മരിച്ചപ്പോൾ അദ്ദേഹം വികാരാധീനനായി. അദ്ദേഹം പറഞ്ഞു: 'ആഹാരമില്ലായ്മയായിരുന്നു ഒരിക്കൽ എന്റെ ആരോഗ്യം. അണികളുടെ സഖാവേ എന്ന വിളിമതി, അന്നും ഇന്നും എന്റെ വയറും, മനസും നിറയാൻ'. പതിനാലു-പതിനഞ്ചു വയസിൽ തുടങ്ങിയ പൊതുപ്രവർത്തനം. പാർട്ടി അംഗത്വം 78 വർഷം പിന്നിടുന്നു. ഇന്ത്യയിൽ ഇത്രയും മുതിർന്ന അംഗത്വം വേറെയില്ല. പാർട്ടി ബ്രാഞ്ചിൽ തുടങ്ങി പൊളിറ്റ് ബ്യൂറോ വരെ അംഗത്വം. സി പി ഐ എമ്മിന്റെ രൂപീകരണം മുതൽ അതിന്റെ കേന്ദ്രകമ്മിറ്റിയിൽ അംഗത്വം. ഇക്കാര്യത്തിലും, വി എസിനൊപ്പം മറ്റാരുമില്ല. 23 വർഷം പോളിറ്റ് ബ്യൂറോ അംഗം. ഇതും ഏറെക്കുറെ റിക്കാർഡ് തന്നെ. 95-ാം വയസിലും പാർട്ടിയുടെയും, ഭരണകാര്യങ്ങളുടെയും നേതൃത്വത്തിൽ. അതും മറ്റൊരു റിക്കോർഡ്. 80 വർഷം നീണ്ട പൊതുജീവിതം. അതു കേരള രാഷ്ട്രീയത്തിലെ അനന്യത. ഈ പട്ടികക്ക് ഇനിയും എത്രയോ ദൈർഘ്യമുണ്ട്. കേരള രാഷ്ട്രീയ ചരിത്രം, സി പി ഐ എമ്മിന്റെ ചരിത്രം, എന്നിവയോടൊക്കെ ആ ജീവിതം ഇഴച്ചേർന്ന് കിടക്കുന്നു. ആ ചരിത്രാധ്യായങ്ങളിൽ ആ പാദമുദ്ര കാണാം.

ലേഖകൻ വി. എസിന്റെ പ്രസ് സെക്രട്ടറിയാണ് ഫോൺ: 9447008885