police

കോട്ടയം: തൊടുപുഴ സി.ഐക്കെതിരെ ഉയർന്ന നിരവധി പരാതികളിൽ ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി അന്വേഷണം ആരംഭിച്ചു. തൊടുപുഴ സി.ഐ എൻ.ജി ശ്രീമോനെതിരെയുള്ള പരാതികളാണ് ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ അന്വേഷിക്കുന്നത്. പൊലീസ് സ്റ്റേഷനിൽ വച്ച് മർദ്ദിച്ചതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്‌തതടക്കം 14 പരാതികളാണ് ശ്രീമോനെതിരെയുള്ളത്. വ്യാജ പരാതിയുടെ അടിസ്ഥാനത്തിലുള്ള സി.ഐയുടെ മർദ്ദനത്തെ തുടർന്നാണ് മകൻ ആത്മഹത്യ ചെയ്‌തതെന്നാണ് അമ്മയുടെ പരാതി. ഉടുമ്പന്നൂർ സ്വദേശി ബേബിച്ചൻ വർക്കിയാണ് സി.ഐക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. തന്റെ സിവിൽ കേസിൽ ഇടപെട്ടതടക്കം സി.ഐക്കെതിരായ മറ്റു പരാതികളും ഉൾപെടുത്തിയുളള ബേബിച്ചന്റെ ഹർജി പരിഗണിച്ചാണ് പരാതിക്കാരുടെ മൊഴിയെടുത്ത് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്.

ഭൂമിയും പരാതിക്കാരനും ആരോപണ വിധേയനും തൊടുപുഴ സ്റ്റേഷൻ പരിധിയിൽ വരുന്നില്ല. പരാതിക്കാരനും ആരോപണ വിധേയനും കരിമണ്ണൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് താമസിക്കുന്നത്. പരാതിയിൽ കേസെടുക്കാതിരുന്ന ശ്രീമോൻ, തന്റെ അധികാര പരിധിക്ക് പുറത്തുള്ള വിഷയമായിട്ടും അന്വേഷണം നടത്തുകയാണ് ചെയ്തത്. ഈ മാസം 22ന് കേസ് വീണ്ടും പരിഗണിക്കുന്നതിന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. സ്ത്രീകളെയും കുട്ടികളെയും മർദ്ദിച്ചതുൾപ്പെടെ വേറെയും ഉണ്ട് ശ്രീമോനെതിരെ പരാതികൾ. സി.ഐക്കെതിരെ മൊഴി നൽകാൻ എത്തിയവരിൽ സർക്കാർ ജീവനക്കാരും ഉണ്ടായിരുന്നു. ഭീഷണിപ്പെടുത്തി നഷ്ടപരിഹാരം നൽകിച്ചുവെന്നായിരുന്നു പോസ്റ്റൽ ജീവനക്കാർ എസ്.പിക്ക് നൽകിയ മൊഴി. സിവിൽ തർക്കത്തിൽ നിയമവിരുദ്ധമായി ഇടപെട്ട സി.ഐയ്‌ക്കെതിരെ വകുപ്പ് തല അച്ചടക്ക നടപടി സ്വീകരിച്ചു റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇയാളെ സംബന്ധിച്ച് ഇന്റലിജൻസ് എ.ഡി.ജി.പി റിപ്പോർട്ട് നൽകണമെന്നും ഉത്തരവിലുണ്ട്. ഹർജി പരിഗണിക്കവേ ഭൂമിയുമായി ബന്ധപ്പെട്ട സിവിൽ തർക്കം ഒത്തുതീർപ്പാക്കാൻ ശ്രീമോൻ ഇടപെട്ടെന്ന പരാതി അന്വേഷിക്കാൻ ഇന്റലിജൻസ് ഡി.ജി.പിയെ ചുമതലപ്പെടുത്തിയിരുന്നതായി ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി എം. മിനി സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു.