വാസുദേവൻ, രാജസേനന്റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി.
ഗൂഢമായ ഒരു മന്ദഹാസം അവിടെ ഒളിഞ്ഞിരിപ്പുണ്ടോ?
രാജസേനൻ തുടർന്നു:
''ഇക്കാലത്ത് ആരെയും വിശ്വസിക്കാൻ കഴിയില്ല വാസുവേട്ടാ.... എപ്പഴാ എങ്ങനാ ചതിക്കുന്നതെന്നൊക്കെ ആർക്കറിയാം?"
വാസുദേവന് നീരസം തോന്നി.
''അതിന് അവന്റെ സുഹൃത്തുക്കൾ തന്നെയാണതു ചെയ്തതെന്ന് നമുക്കെങ്ങനെ ഉറപ്പിച്ചു പറയാൻ പറ്റും സാറേ? കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന തന്ത്രം മറ്റാരെങ്കിലും പയറ്റിയതാണെങ്കിലോ?"
രാജസേനന്റെ കണ്ണുകൾ ഒന്നിടുങ്ങി.
''അല്ലാ.. ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് എനിക്കു കിട്ടിയ വിവരമാണിത്."
വാസുദേവൻ കടുപ്പിച്ച് മൂളിയതല്ലാതെ മറുപടി നൽകിയില്ല.
ആ നേരത്ത് പത്തനംതിട്ടയിൽ... പോലീസ് സ്റ്റേഷനു തൊട്ടടുത്തുള്ള മദ്യശാലയ്ക്കു മുന്നിൽ ഒരു ഓട്ടോ വന്നു നിന്നു.
അതിൽ നിന്ന് ഡ്രൈവർ ഇറങ്ങി ചിരപരിചിതനെപ്പോലെ രണ്ടാം നിലയിലെ ഷോപ്പിലേക്കു കയറിപ്പോയി.
പരമേശ്വരനെ തടവിലാക്കിയ കൊലയാളി സംഘത്തിലെ ഒരാളായിരുന്നു അത്.
ക്യൂ നിൽക്കാനൊന്നും മിനക്കെട്ടില്ല അയാൾ...
മുന്തിയ മദ്യം സെലക്ടു ചെയ്ത് എടുക്കാൻ സാധിക്കുന്ന വലതുവശത്തെ സ്റ്റോറിലേക്കു കയറി.
നാലുകുപ്പി ബക്കാർഡി ലമൺ എടുക്കാൻ സാധിക്കുന്ന വലതുവശത്തെ സ്റ്റോറിലേക്കു കയറി.
നാലുകുപ്പി ബക്കാർഡി ലമൺ എടുത്ത് ഒരു സഞ്ചിയിലാക്കി.
അവിടെയുണ്ടായിരുന്ന പെൺകുട്ടികളിൽ ഒരുവൾ ബില്ലടിച്ചു നൽകി.
പണം കൊടുത്ത് ആരെയും ശ്രദ്ധിക്കാതെ അയാൾ പെട്ടെന്ന് അവിടെ നിന്നിറങ്ങി.
താഴെ ഓട്ടോയിൽ വീണ്ടും കയറുമ്പോൾ ബുള്ളറ്റ് ബൈക്കിൽ ഇരുന്ന ഹെൽമറ്റ് ധാരി മാത്രം അയാളെ ശ്രദ്ധിച്ചു.
ഓട്ടോ അയാൾ റോഡിൽ വട്ടം തിരിച്ചു. ട്രാഫിക് ഐലന്റിനരുകിൽ, ഇടത്തേക്കു തിരിച്ച് 'എവർഗ്രീൻ' ഹോട്ടലിനു മുന്നിൽ ഇറങ്ങി.
അവിടെ നിന്ന് പൊറോട്ടയും മട്ടൻ കറിയും വാങ്ങി മടങ്ങി.
അര മണിക്കൂറിനുള്ളിൽ അയാൾ തങ്ങളുടെ താൽക്കാലിക താവളത്തിൽ മടങ്ങിയെത്തി.
റൈസ് മില്ലിൽ!
തൂങ്ങിമരിച്ചു നിൽക്കുന്നവന്റെ ഭാവത്തിൽ ആയിരുന്നു പരമേശ്വരൻ.
''ഇയാള് ഇതുവരെ കണ്ണു തുറന്നില്ലേ സാജാ?"
അയാൾ നേതാവിനെ നോക്കി.
'ടയർ സാജൻ' തല കുടഞ്ഞു.
'' ഒന്നുണർന്നു. പാവം... വല്ലാത്ത ക്ഷീണം കാണുമല്ലോ... ഉറങ്ങിപ്പോയി വീണ്ടും."
സാജന് 'ടയർ സാജൻ' എന്ന പേരുകിട്ടിയതിനു പിന്നിൽ ഒരു ചരിത്രമുണ്ട്.
വർഷങ്ങൾക്കു മുൻപ് കുട്ടിക്കാനത്ത് ഒരു തോട്ടം തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത മകളെ അയാൾ റേപ്പു ചെയ്തുകൊന്നു. അത് ചോദിക്കാൻ ചെന്ന പിതാവിനെ തല്ലിക്കൊന്ന് ഒരു ടയറിനുള്ളിലൂടെ കടത്തി മരത്തിൽ കെട്ടിത്തൂക്കി!
അന്നുമുതലാണ് ടയർ എന്ന പേരിൽ അയാൾ അറിയപ്പെടാൻ തുടങ്ങിയത്.
എട്ടുപേരും വട്ടമിട്ടിരുന്ന് അടുത്ത മദ്യസേവയ്ക്കുള്ള ഒരുക്കം കൂട്ടി.
പായ്ക്കറ്റു തുറന്നതേ മട്ടൻ ചാപ്സിന്റെ സുഖകരമായ ഗന്ധം...
''അല്ലെങ്കിലും എവർഗ്രീനിലെ മട്ടൻ കറിക്ക് ഒരു പ്രത്യേക സ്വാദാ." ഒരാൾ കൈ നീട്ടി ഒരു പീസ് എടുത്ത് വായിലിട്ടു നുണഞ്ഞു.
''പക്ഷേ പീസുകൾക്ക് പഴയ വലിപ്പമില്ല കേട്ടോ..." മറ്റൊരാൾ.
ഒരു കുപ്പി മദ്യം അവർ രണ്ടു മിനിട്ടുകൾക്കുള്ളിൽ തീർത്തു.
അപ്പോഴേക്കും സന്ധ്യയായി
അടുത്ത നിമിഷം ടയർ സാജന്റെ ഫോണിലേക്കു കാൾ വന്നു.
അപ്പുറത്ത് 'സാർ' ആയിരുന്നു.
സാജൻ അരമിനിട്ടു നേരം അയാളുമായി സംസാരിച്ചു.
ശേഷം കാൾ മുറിച്ചിട്ട് മറ്റുള്ളവരുടെ നേർക്കു തിരിഞ്ഞു.
''കലാപരിപാടി തുടങ്ങിക്കോളാൻ സാറ് പറഞ്ഞു."
അവർ എഴുന്നേറ്റു.
തടിമില്ലിനു മുന്നിലെ പലകചെറ്റയിലൂടെ സാജൻ പുറത്തേക്കു നോക്കി.
ആ പരിസരത്തെങ്ങും ആരുമില്ല...
''എടാ.. എടാ വാച്ചറേ.."
സാജൻ, പരമേശ്വരന്റെ കവിളിൽ ഒന്നു പൊട്ടിച്ചു.
ഞെട്ടിപ്പിടഞ്ഞതുപോലെ പരമേശ്വരൻ കണ്ണുകൾ തുറന്നു.
ശിരസ്സു നേരെയാക്കാൻ ശ്രമിച്ചുകൊണ്ട് ആയാളെ തുറിച്ചുനോക്കി.
''നിന്റെ മുന്നിൽ രണ്ട് ഓപ്ഷൻ വയ്ക്കുകയാണ് ഞാൻ. ഒന്നുകിൽ ഞങ്ങൾ പറയുന്നത് അക്ഷരം പ്രതി അനുസരിക്കുക. അതിനിടയിൽ പക്ഷേ ഫൗൾ പ്ളേയ്ക്കു മുതിർന്നാൽ ഗർഭിണിയായി വീട്ടിൽ വന്നു നിൽക്കുന്ന മകളുടെ ഗർഭം അലസിപ്പിക്കും ഞാൻ. ഒറ്റ ചവുട്ടിന്... അനുസരിക്കാൻ ഭാവമില്ലെങ്കിൽ നിനക്ക് ഇവിടെത്തന്നെ അഞ്ചരയടി നീളത്തിൽ ഒരു കുഴി.."
(തുടരും)