2nd-test

 ഹൈദരാബാദ്: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ തകർച്ചയിൽ നിന്നും കരകയറിയ വെസ്റ്റ് ഇൻഡീസ് ആദ്യ ദിനം കളി അവസാനിക്കുമ്പോൾ സ്‌കോർ ബോർഡിൽ 295 റൺസ് ചേർത്തു. നാലാം ടെസ്റ്റ് സെഞ്ചുറിക്ക് രണ്ട് റൺസ് മാത്രം അകലെ നിൽക്കുന്ന റോസ്റ്റൺ ചേസിന്റെ കരുത്തിലാണ് വിൻഡീസ് 295 റൺസ് തികച്ചത്. 95 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ നിൽക്കുമ്പോൾ വിൻഡീന്റെ അക്കൗണ്ട് തുറക്കാതെ ദേവേന്ദ്ര ബിഷുവാണ് ചേസിനൊപ്പം ക്രീസിലുള്ളത്.

174 പന്തിൽ ഏഴു ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് ചേസ് 98 റൺസെടുത്തത്. ഏഴാം വിക്കറ്റിൽ ചേസിനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ക്യാപ്ടൻ ജേസൺ ഹോൾഡർ, 90–ാം ഓവറിന്റെ അവസാന പന്തിൽ അർധസെഞ്ചുറിയുമായി പുറത്തായത് വിൻഡീസിന് തിരിച്ചടിയായി. ഇതിനിടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച പേസ് ബോളർ ഷാർദുൽ താക്കൂർ രണ്ടാം ഓവർ ബോൾ ചെയ്യുന്നതിനിടെ പരുക്കേറ്റ് കയറിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

63 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 30 റൺസെടുത്ത ഡൗറിച്ചിനെ ഉമേഷ് യാദവ് പുറത്താക്കി. ഓപ്പണർമാരായ കീറൺ പവൽ (22), ക്രെയ്ഗ് ബ്രാത്ര്ര്വയ് (14), ഷായ് ഹോപ് (36), ഷിംറോൻ ഹെറ്റ്‌മെയെർ (12), സുനിൽ അംബ്രിസ് (18) എന്നിവരാണ് പുറത്തായ മറ്റു വിൻഡീസ് താരങ്ങൾ. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തി. ശേഷിച്ച വിക്കറ്റുകൾ ഉമേഷ് യാദവ്, രവിചന്ദ്രൻ അശ്വിൻ എന്നിവർ പങ്കിട്ടു.