കൊച്ചി: ശബരിമല മേൽശാന്തി നിയമന വിഷയത്തിൽ തന്ത്രി കണ്ഠരര് മോഹനരർക്ക് തിരിച്ചടി. തന്ത്രിയെ ഇന്റർവ്യൂ ബോർഡിൽ ഉൾപ്പെടുത്തേണ്ടെന്നും തത്‌സ്ഥിതി തുടരാനും ഹൈക്കോടതി ഉത്തരവിട്ടു. തന്നെ ബോർഡിൽ ഉൾപ്പെടുത്തണമെന്ന് തന്ത്രി ആവശ്യപ്പെട്ടിരുന്നു.
മേൽശാന്തി നിയമനത്തിനായി ആകെ ലഭിച്ച 101 അപേക്ഷകരിൽ 79 പേരാണ് അവസാന ഇന്റർവ്യൂവിനായി യോഗ്യത നേടിയത്. മാളികപ്പുറം ക്ഷേത്രത്തിലേക്ക് ആകെ ലഭിച്ചത് 74 അപേക്ഷകളായിരുന്നു. ഇതിൽ 57 പേർ ഇന്റർവ്യൂവിന് യോഗ്യത നേടിയിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ അഭിമുഖം നടന്നുവരുന്നതിനിടെയാണ് തന്ത്രി കോടതിയെ സമീപിച്ചത്. ഇതേതുടർന്ന് അഭിമുഖം തടസപ്പെട്ടിരുന്നു. നാളെയാണ് മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തി ഇന്റർവ്യൂ. ഇന്റർവ്യൂവിൽ യോഗ്യത നേടുന്നവരിൽ നിന്ന് നറുക്കെടുപ്പ് നടത്തിയാണ് മേൽശാന്തിമാരെ തിരഞ്ഞെടുക്കുക.തുലാം മാസ പൂജകൾക്കായി ക്ഷേത്രനട തുറക്കുന്ന ഒക്ടോബർ 18 ന് ശബരിമല ക്ഷേത്രസന്നിധിയിൽ വച്ചാണ് നറുക്കെടുപ്പ്.