me-too

 

1. മീടു രണ്ടാംഘട്ട ക്യാമ്പെയിനിൽ വെട്ടിലായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിന് എതിരെ വീണ്ടും വെളിപ്പെടുത്തൽ. മാദ്ധ്യമ പ്രവർത്തകൻ ആയിരിക്കെ, എം.ജെ. അക്ബറിൽ നിന്ന് ലൈംഗിക അതിക്രമം നേരിട്ടതായി തുറന്നു പറഞ്ഞത്, കൊളമ്പിയൻ മാദ്ധ്യമ പ്രവർത്തക. അക്ബറിന്റെ ഓഫീസിൽ പരിശീലനത്തിന് എത്തിയപ്പോൾ ആയിരുന്നു സംഭവം എന്നും മാദ്ധ്യമ പ്രവർത്തക.


2. അതിനിടെ, എം.ജെ.അക്ബറിന് എതിരെ ഉയർന്ന ആരോപണങ്ങൾ സംബന്ധിച്ച സാഹചര്യം വിലയിരുന്നു ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഇതേ കുറിച്ച് മുതിർന്ന നേതാക്കളുമായി അമിത് ഷാ ചർച്ച നടത്തി. എന്നാൽ ഇതേ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പാർട്ടി വൃത്തങ്ങൾ പുറത്തു വിട്ടിട്ടില്ല. എം.ജെ അക്ബറിന്റെ രാജിക്കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും എന്നും വിവരം. നൈജീരിയൻ സന്ദർശനം കഴിഞ്ഞ് ഡൽഹിയിൽ മടങ്ങി എത്തുന്ന മന്ത്രി വനിതാ മാദ്ധ്യമ പ്രവർത്തകരുടെ ആരോപണങ്ങളിൽ വിശദീകരണം നൽകും.


3. ബി.ജെ.പി സർക്കാരിലെ ഒരു മന്ത്രിക്കെതിരെ ലൈംഗികാതിക്രമ വെളിപ്പെടുത്തൽ ഉണ്ടായതിൽ മുതിർന്ന ബി.ജെ.പി നേതാക്കൾക്ക് ഇടയിൽ അതൃപ്തി ശക്തം. കഴിഞ്ഞ ദിവസത്തെ ക്യാബിനറ്റ് യോഗത്തിൽ ചർച്ച ആയില്ലെങ്കിലും അനൗദ്യോഗികമായി അക്കാര്യം സംസാരിക്കുകയും തങ്ങളുടെ അഭിപ്രായങ്ങൾ മന്ത്രിമാർ വ്യക്തമാക്കുകയും ചെയ്തു. അക്ബറിന്റെ വിശദീകരണം കേട്ടശേഷം അന്വേഷണം നടത്തും എന്നും കുറ്റക്കാരൻ എങ്കിൽ രാജി വയ്ക്കാൻ ആവശ്യപ്പെടും എന്നും കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. എം.ജെ. അക്ബറിന് എതിരായി ഉയർന്ന ആരോപണങ്ങൾക്ക് മറുപടി പറയേണ്ടത് അദ്ദേഹം എന്ന് കേന്ദ്രമന്ത്രി സമൃതി ഇറാനി. മീ ടൂ ക്യാമ്പെയിനെ പിന്തുണച്ച് മനേകാ ഗാന്ധിയും.


4. രാജ്യമൊട്ടാകെ ശക്തിപ്പെടുന്ന മീ ടു ക്യാംപെയ്‌ന് പിന്തുണയുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെ ആണ് അദ്ദേഹം ക്യാംപെയ്‌ന് പിന്തുണ അറിയിച്ചത്. സ്ത്രീകളോട് എങ്ങനെ മാന്യയോടെ പെരുമാറണമെന്ന് പഠിക്കണമെന്നും മാറ്റത്തിന് വേണ്ടി സത്യം ഉറക്കെ വിളിച്ചു പറയേണ്ട സമയമാണിതെന്നും രാഹുൽ ട്വിറ്റ് ചെയ്തു.


5. നിയുക്ത ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി ഹൈക്കോടതി ജഡ്ജിമാർക്കായി മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കേസുകൾ കെട്ടിക്കിടക്കുന്നതും അനന്തമായി നീളുന്നതും വിമർശനങ്ങൾക്ക് ഇടയാക്കുമ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ മാർഗ നിർദ്ദേശം. അടിയന്തര സാഹചര്യത്തിൽ അല്ലാതെ അവധി എടുക്കരുത്, ജഡ്ജി നിയമനത്തിൽ കൊളീജിയം ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങരുത് എന്നിവ ഉൾപ്പെടെ ഉള്ള നിർദ്ദേശങ്ങളാണ് നൽകിയത്.


6. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം പറന്നുയരുന്നതിനിടെ വിമാനത്താവളത്തിന്റെ മതിലിടിച്ച് തകർത്തു. ട്രിച്ചി ദുബായ് ബോയിംങ് ബി 737 800 വിമാനമാണ് അപകടത്തിൽപെട്ടത്. രണ്ട് ചക്രങ്ങൾക്ക് തകരാർ സംഭവിച്ച വിമാനം ദുബായ് യാത്രാ ഉപേക്ഷിച്ച് മുംബയ് വിമാനത്താവളത്തിൽ ഇറക്കി. 130 യാത്രക്കാരുണ്ടായിരുന്നു അപകട സമയത്ത് വിമാനത്തിൽ. എല്ലാവരും സുരക്ഷിതാണെന്ന് അധികൃതർ അറിയിച്ചു.


7. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സ്ത്രീകളേയും ജഡ്ജിമാരേയും അധിക്ഷേപിച്ച് നടൻ കൊല്ലം തുളസി രംഗത്ത്. വിധി പുറപ്പെടുവിച്ച സുപ്രീംകോടതിയിലെ ജഡ്ജിമാർ ശുംഭൻമാരാണ് എന്ന് കൊല്ലം തുളസി പറഞ്ഞു. ശബരിമലയിൽ എത്തുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണം എന്നും അതിൽ ഒരു ഭാഗം ഡൽഹിയിലേക്കും മറ്റൊന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും ഇട്ടു കൊടുക്കണം എന്നും ആണ് നടന്റെ അധിക്ഷേപം. കൊല്ലം ചവറയിൽ ബി.ജെ.പി സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


8. ഗോൾഡൻ ഗ്‌ളോബ് പായിവഞ്ചി പ്രയാണത്തിനിടെ ഇന്ത്യൻ മഹാസുദ്രത്തിൽ അകപ്പെട്ട നേവി ഉദ്യോഗസ്ഥൻ അഭിലാഷ് ടോമിയെ ശസ്ത്കക്രിയയ്ക്ക് വിധേയനാക്കി. ന്യൂഡൽഹിയിലെ സൈനിക ആശുപത്രിയിൽ ആയിരുന്നു ശസ്ത്രക്രിയ. അപകടത്തിനിടയിൽ അഭിലാഷിന്റെ നട്ടെല്ലിന്റെ കശേരുവിന് പൊട്ടലേറ്റിരുന്നു. രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായിരുന്നു എന്നും അഭിലാഷ് സുഖം പ്രാപിക്കുകയാണ് എന്നും ഇന്ത്യൻ നാവിക സേന വ്യക്തമാക്കി.


9. നടി ആക്രമിക്കപ്പെട്ട കേസിൽ മലയാള സിനിമാ സംഘടനകളുടെ നിലപാടിന് എതിരെ സംവിധായക അഞ്ജലി മേനോൻ രംഗത്ത്. ശക്തരായ നടന്മാരും എഴുത്തുകാരും ചലച്ചിത്രകാരൻമാരും ഉണ്ടായിട്ടും ആക്രമണത്തിന് ഇരയായ നടിക്ക് പിന്തുണ നൽകി ഒപ്പം നിൽക്കാൻ ആരും മുതിരുന്നില്ല. കുറ്റക്കാരെ നിയമത്തിന് മുന്നിൽ എത്തിക്കാനുള്ള നടപടികളുമായി നടി മുന്നോട്ട് പോകുമ്പോഴും ഇതാണ് സ്ഥിതി. അസ്വസ്ഥത ഉണ്ടാക്കുന്ന പ്രവണത ആണ് ഇതെന്നും അഞ്ജലി മേനോൻ ട്വിറ്ററിൽ കുറിച്ചു.


10. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ബി.എം.എക്‌സ് സൈക്കിൾ സ്റ്റണ്ടുള്ള സിനിമ എന്ന പ്രത്യേകതയുമായി നോൺസെൻസ് തീയേറ്ററുകളിൽ എത്തി. മല്ലു എന്ന മ്യൂസിക് വീഡിയോയിലൂടെ മലയാളികളുടെ ഹരമായി മാറിയ റിനോഷ് ജോർജ് ചിത്രത്തിൽ നായകൻ ആകുമ്പോൾ വിനയ് ഫോർട്ട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് . ചിത്രത്തിലെ പാട്ട് പാടിയിരിക്കുന്നതും സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നതും റിനോഷ് തന്നെ ആണ്.