nanmma

ന്യൂയോർക്ക്: കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഒന്നാം ഘട്ട പദ്ധതികൾ പൂർത്തിയായതായി നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഒഫ് മലയാളി മുസ്ലിം അസോസിയേഷൻസ് (NANMMA) പ്രസിഡന്റ് യു.എ. നസീർ അറിയിച്ചു. കേരളത്തിലെ വിവിധ പ്രദേശങ്ങളിലായി നടന്ന ഭക്ഷണവും വെള്ളവുമുൾപ്പടെയുള്ള അവശ്യസാധന വിതരണങ്ങളും പഠനോപകരണ വിതരണങ്ങളുമാണ് ഒക്ടോബർ ഒന്നിന് അവസാനിച്ചത്. പ്രളയം നടന്നു ദിവസങ്ങൾക്കുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള നന്മയുടെ സംഭാവന പ്രസിഡന്റ് യു.എ. നസീറിന്റെ നേതൃത്യത്തിൽ മലപ്പുറം പ്രസ്സ് ക്ലബ്ബിൽ വെച്ച് മന്ത്രി കെ.ടി. ജലീലിന് കൈമാറി. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി നടന്നുവരുന്ന ഒന്നാം ഘട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഒക്ടോബർ പകുതിയോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി നസീർ പറഞ്ഞു.

അറൈസ് ആലുവ, ബ്ലഡ് ഫോർ ലൈഫ് ആലപ്പുഴ, ദയ ഗ്രന്ഥശാല വയനാട്, ഫെയ്സ് ഇടുക്കി, ഹരിത യൗവനം ചാരിറ്റീസ് (തൃശൂർ, പാലക്കാട്), ഹെൽത്ത് കെയർ ഫൗണ്ടേഷൻ കോഴിക്കോട്, റിയൽ ഫോക്കസ് ക്ലബ്ബ് കോട്ടക്കൽ തുടങ്ങിയ സന്നദ്ധ സംഘടനകളുമായി ചേർന്ന് ഇതുവരെ പതിനാറോളം പ്രോജക്ടുകളിലാണ് നന്മ പങ്കാളിത്തം വഹിച്ചത്. ഈ പ്രോജക്ടുകളുടെ ഭാഗമായി നടത്തിയ വീടുകളുടെ കേടുപാടുകൾ തീർക്കലും, അവശ്യ സാധന വിതരണങ്ങൾക്കും പുറമെ, നെസ്റ്റ്ആൽഫയുമായി ചേർന്ന് വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ഭിന്നശേഷിക്കാർക്കായുള്ള സേവന പ്രവർത്തനങ്ങൾ പ്രത്യേകമായി നടത്താനായതായും നന്മ അവകാശപ്പെട്ടു.

വയനാട്, എറണാകുളം, തൃശൂർ, ആലപ്പുഴ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ വിവിധ ജില്ലകളിലായി നടത്തുന്ന സേവന പ്രവർത്തനങ്ങൾക്ക് ഇപ്പോൾ കേരളത്തിലുള്ള നന്മയുടെ പ്രതിനിധി സഫ്വാൻ മഞ്ചേരി നേതൃത്വം നൽകി വരുന്നു.