കൊച്ചുണ്ണിയായി നിവിൻ പോളിയും ഇത്തിക്കരപക്കിയായി മോഹൻലാലും നിറഞ്ഞാടിയ ചിത്രം കായംകുളം കൊച്ചുണ്ണി തിയേറ്ററുകളിൽ വൻ വിജയം നേടി മുന്നേറുകയാണ്. പക്കിയും കൊച്ചുണ്ണിയും മാത്രമല്ല ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. ഇതിൽ പ്രേക്ഷകന്റെ മനസിൽ കോറിയിട്ട കഥാപാത്രമായിരുന്നു സണ്ണി വെയ്‌ൻ അവതരിപ്പിച്ച കേശവൻ.
വളരെ തന്മയത്വത്തോടെയാണ് സണ്ണി കേശവൻ എന്ന പൊലീസുകാരനായി മാറിയത്. നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രം താരത്തിന്റെ കരിയറിൽ തന്നെ മികച്ചു നിൽക്കുന്ന ഒന്നാണ്. കണ്ടാൽ രണ്ടെണ്ണം തരുമെന്നാണ് സിനിമ കണ്ടിട്ട് സുഹൃത്ത് തന്നോട് പറഞ്ഞതെന്ന് സണ്ണി പ്രതികരിച്ചു. 'അതിനു മാത്രമൊന്നും സിനിമയിൽ ചെയ്‌തിട്ടില്ലല്ലോ എന്നായിരുന്നു ഞാനപ്പോൾ ആലോചിച്ചത്. അങ്ങനെ ആ കഥാപാത്രം തോന്നിപ്പിച്ചിട്ടുണ്ടെങ്കിൽ എന്നെ ഇഷ്ടമുള്ള കുഞ്ഞുങ്ങൾ എങ്ങനെയായിരിക്കും അത് സ്വീകരിക്കുക എന്നു ചിന്തിച്ചു പോയി. അതിനെക്കുറിച്ചു മാത്രമേ ടെൻഷനുള്ളൂ. എനിക്ക് കൊച്ചുകുട്ടികളായ ആരാധകർ നിരവധിയുണ്ട്'- ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സണ്ണി പറഞ്ഞു.