ന്യൂഡൽഹി: മീ ടൂ ക്യാമ്പയിനിൽ വനിതാ മാദ്ധ്യമപ്രവർത്തകർ ലൈംഗിക അതിക്രമം ആരോപിച്ച കേന്ദ്രമന്ത്രി എം.ജെ.അക്ബറിനെതിരെ വീണ്ടും പുതിയ അരോപണം. കൊളമ്പിയൻ മദ്ധ്യമപ്രവർത്തകയാണ് ഇപ്പോൾ ഏറ്റവും പുതിയ ആരോപണവുമായി രംഗത്തെത്തിയത്. ഏഷ്യൻ ഏജ് ഓഫീസിൽ ഇന്റേൺഷിപ്പ് ചെയ്യുന്ന കാലത്ത് തന്നെ ഉപദ്രവിച്ചെന്നാണ് കൊളമ്പിയൻ മാദ്ധ്യമപ്രവർത്തകയുടെ ആരോപണം.
കൊളമ്പിയൻ മാദ്ധ്യമപ്രവർത്തക കൂടി ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചതോടെ എം.ജെ.അക്ബറിനെതിരെ പത്തോളം പേരാണ് മീ ടൂ ക്യാമ്പയിനുമായി രംഗത്തുള്ളത്. അതേസമയം, എം.ജെ.അക്ബറിനെതിരെയുള്ള മീ ടൂ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സ്ത്രീകളുടെ പരാതി അന്വേഷിക്കുന്നതിനായി കേന്ദ്ര മന്ത്രി മനേകാ ഗാന്ധി പ്രത്യേക സമിതിയെ നിയമിച്ചു. നാലു മുൻ ജഡ്ജിമാർ ഉൾപ്പെട്ട സംഘമാണ് സ്ത്രീകളുടെ പരാതികൾ അന്വേഷിക്കുക. മീ ടൂ കാമ്പയിനിൽ വന്ന എല്ലാ വെളിപ്പെടുത്തലുകളും സംഘം പരിശോധിക്കും.
വിദേശ സന്ദർശനത്തിന്റെ ഭാഗമായി നൈജീരിയയിലുള്ള അക്ബർ ഞായറാഴ്ച തിരിച്ചെത്തുന്നതോടെ മന്ത്രിസ്ഥാനം രാജിവയ്ക്കുന്ന കാര്യത്തിൽ തീരുമാനമാകും. ബി.ജെ.പി നേതൃത്വത്തിൽനിന്ന് ആരും മന്ത്രിയെ പിന്തുണച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, കേന്ദ്രമന്ത്രിമാരായ മനേകാ ഗാന്ധി, സ്മൃതി ഇറാനി എന്നിവർ അക്ബറിന്റെ പ്രതികരണം ആവശ്യപ്പെട്ടിട്ടുണ്ട്.