royal-wedding

ലണ്ടൻ: ഹാരി- മെഗൻ വിവാഹത്തിനു പിന്നാലെ രണ്ടാമത്തെ റോയൽ മാംഗല്യത്തിന് വിന്റ്സർ കാസിൽ ഇന്നലെ വേദിയായി. എലിസബത്ത് രാജ്ഞിയുടെ പുത്രൻ ആൻഡ്ര്യൂ രാജകുമാരന്റെ പുത്രി യൂജിൻ രാജകുമാരിയുടെയും ജാക്ക് ബ്രൂക്സ്ബാങ്കിന്റെയും വിവാഹമാണ് ഇന്നലെ നടന്നത്. ആർട്ട് ഗാലറി ഡയറക്ടറായ യൂജിന്റെ ദീർഘകാല പ്രണയമാണ് പൂവണിഞ്ഞത്. ടക്വീല മദ്യത്തിന്റെ ബ്രാൻഡ് അംബാസഡറാണ് ജാക്ക് ബ്രൂക്‌സ്‌ബാങ്ക്. രാജകുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളുമടക്കം 850 പേരാണ് ചടങ്ങിൽ പങ്കെടുത്തത്.

വിവാഹം നേരിട്ട് കാണാൻ അവസരം ലഭിക്കുന്നതിനായി പൊതുജനങ്ങളിൽ നിന്ന് ഒരു ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചിരുന്നു. ദ ഡീൻ ഒഫ് വിൻഡ്സർ ഡേവിഡ് കോണെറിന്റെ കാർമ്മികത്വത്തിലാണ് വിവാഹം നടന്നത്. ചടങ്ങിന് ശേഷം സെന്റ് ജോർജ് ഹാളിൽ രാജ്ഞി ആതിഥേയത്വമരുളിയ വിരുന്ന് സത്കാരം നടന്നു.

2010ൽ ഇരുപതാം വയസിൽ സ്വിറ്റ്സർലാൻഡിൽ വച്ചാണ് യൂജിൻ ഇരുപത്തിനാലുകാരനായ ബ്രൂക്സ്ബാങ്കിനെ കണ്ടുമുട്ടിയത്. 2016ലാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.