vs

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ വായ മൂടിക്കെട്ടി കാസർകോട്ടെ കേന്ദ്ര സർവ്വകലാശാലയെ സംഘപരിവാറിന്റെ പരിശീലനക്കളരിയാക്കാനുള്ള അധികൃതരുടെ നീക്കം അത്യന്തം ആപൽക്കരമാണെന്ന് വി.എസ്. അച്യുതാനന്ദൻ പ്രസ്താവനയിൽ പറഞ്ഞു.

സംഘപരിവാർ അജൻഡകളോട് സമരസപ്പെടാൻ കൂട്ടാക്കാതിരുന്ന മിടുക്കരായ വിദ്യാർത്ഥികൾക്കെതിരെ കള്ളക്കേസുകൾ ചുമത്തിയും പുറത്താക്കിയും പക തീർക്കുന്ന സർവ്വകലാശാലാ മേലാളൻമാരുടെ നിലപാടുകളോട് പ്രതികരിച്ചതാണ് അഖിൽ എന്ന വിദ്യാർത്ഥി ചെയ്ത കുറ്റം. അഖിലിനെതിരെയും കള്ളക്കേസുകൾ ചുമത്തി കോളേജിൽ നിന്ന് പുറത്താക്കി. ഇതിനെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ യൂണിയൻ പ്രവർത്തനങ്ങൾക്ക് തടയിടാനും സർവ്വകലാശാല അടച്ചിട്ട് പാഠം പഠിപ്പിക്കാനുമാണ് ശ്രമം. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയർന്നു വരണം. സർവ്വകലാശാലയിൽ നടന്ന വഴിവിട്ട നിയമനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണവും വേണമെന്ന് വി.എസ് ആവശ്യപ്പെട്ടു.