ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിവാദം പുകയവെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ സംബന്ധിച്ച വെളിപ്പെടുത്തലുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്‌ണൻ രംഗത്ത്. താൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന സമയത്ത് മന്ത്രിമാരായ കടകംപള്ളിയും കെ.ടി.ജലീലും ശബരിമലയിലെത്തുകയും തുടർന്നുണ്ടായ സംഭവങ്ങളുമാണ് പ്രയാർ അടുത്തിടെ നടന്ന പ്രാർത്ഥനാ യോഗത്തിൽ വെളിപ്പെടുത്തിയത്.
പ്രയാറിന്റെ വാക്കുകൾ- മന്ത്രി കടകംപള്ളി സുരേന്ദ്രനെ കുറിച്ച് എനിക്ക് ഒരു രഹസ്യം വെളിപ്പെടുത്താനുണ്ട്. അയ്യപ്പൻ സത്യം ഇതുവരെ ഞാനത് പറഞ്ഞിട്ടില്ല. കാരണം അദ്ദേഹം വകുപ്പ് മന്ത്രിയായിരുന്നു. എനിക്കെതിരെ നടപടി എടുക്കുമെന്ന് പറഞ്ഞു. എന്നെ കണ്ണുരുട്ടി കാണിച്ചു. അദ്ദേഹം ശബരിമലയിൽ വരാൻ തീരുമാനിച്ചു. കൂടെ ഒരു വാവരെയും കൂട്ടി, ജലീൽ. എനിക്ക് സന്തോഷം തോന്നി. ഈ മന്ത്രിമാരെ ഇങ്ങനെ രാജാക്കന്മാരെ പോലെ ആരാധിച്ചു കൊണ്ടു പോയി. ശബരിമല അയ്യപ്പന്റെ മുന്നിലെത്തിയപ്പോൾ കടകംപള്ളിയുടെ മുഖം തിരിഞ്ഞു.
അതിനുമുമ്പ് മറ്റൊരു സംഭവമുണ്ടായി. ജലീൽ കുറച്ചു കൂടി ചെറുപ്പമല്ലേ, ചാടി ചാടി അങ്ങ് പോയി. അതേ ചാട്ടത്തിന് കടംപള്ളിയും ചാടി. കുറേ അങ്ങേോട്ട് കഴിഞ്ഞപ്പോൾ അദ്ദേഹം ചർദ്ദിക്കാൻ തുടങ്ങി. ചർദ്ദിലങ്ങോട്ട് കൂടിയപ്പോൾ കൂടി നിന്ന തമിഴ് അയ്യപ്പന്മാർ ശരണം വിളിക്കാൻ തുടങ്ങി. ഒടുവിൽ മന്ത്രിയും വിളിച്ചു- സ്വാമിയേ ശരണമയ്യപ്പാ. ഇതു പോലെ ഒരുപാട് സത്യങ്ങളുണ്ട്. അതെല്ലാം ഞാൻ വിളിച്ചു പറയും' -പ്രയാർ ഗോപാലകൃഷ്‌ണൻ പറഞ്ഞു.