കൊച്ചി/തൃശൂർ: സംസ്ഥാനത്തെ ഞെട്ടിച്ച് ഇന്ന് നടന്ന രണ്ട് എ.ടി.എം കവർച്ചയ്ക്ക് പിന്നിലും ഒരേ സംഘങ്ങളാണെന്ന് പൊലീസിന്റെ നിഗമനം. തൃശൂർ കൊരട്ടിയിലെ സൗത്ത് ഇന്ത്യൻ ബാങ്കിലും കൊച്ചി ഇരുമ്പനത്തെ എസ്.ബി.ഐയുടെ എ.ടി.എമ്മിലുമാണ് പുലർച്ചെ കവർച്ച നടന്നത്. കൊരട്ടിയിൽ നിന്ന് 10 ലക്ഷവും എസ്.ബി.ഐയിൽ നിന്ന് 25 ലക്ഷം രൂപയുമാണ് നഷ്ടമായത്. ഇത് കൂടാതെ കോട്ടയത്തേയും എസ്.ബി.ഐയുടെ എ.ടി.എം കവർച്ച ചെയ്യാനും ശ്രമമുണ്ടായി.
സി.സി.ടി.വി ക്യാമറയിൽ സ്‌പ്രേ പെയിന്റ് അടിച്ച് പ്രവർത്തനരഹിതമാക്കിയ ശേഷമായിരുന്നു സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എമ്മിൽ കവർച്ച നടത്തിയത്. മൂന്ന് പേരടങ്ങുന്ന സംഘം പിക്കപ്പ് വാനിൽ എ.ടി.എമ്മിന് മുന്നിലെത്തി. മൂന്നുപേരും തൂവാല കൊണ്ട് മുഖത്തിന്റെ പകുതി മറച്ചിരുന്നു. പിന്നീട് എ.ടി.എമ്മിന് പുറത്തെ കാമറയിൽ സ്‌പ്രേ പെയിന്റടിച്ച് പ്രവർത്തനരഹിതമാക്കി. ഒരു കാമറ പ്രവർത്തനരഹിതമാക്കിയെങ്കിലും രണ്ടാമത്തേതിൽ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിരുന്നു. പിന്നീട് ഗ്യാസ് കട്ടർ ഉപയോഗിച്ച് എ.ടി.എം തകർക്കുകയായിരുന്നു. ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.
കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളിയിലെ എ.ടി.എമ്മിലാണ് കവർച്ചാ ശ്രമം നടന്നത്. പുലർച്ചെ ഒന്നേമുക്കാലോടെയാണ് സംഭവം. പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധിക്യതർ പറഞ്ഞു. എ.ടി.എമ്മിലെ കാമറ മോഷ്ടാക്കൾ കേടുവരുത്തി.