പമ്പ മുതൽ സന്നിധാനം വരെ മല ചവിട്ടിക്കയറി അയ്യപ്പദർശനത്തിനു സഹനം ചെയ്യുന്ന ' അവൾ ' നമ്മുടെ ആൺഅബോധത്തിലുള്ള വ്രതശുദ്ധിയില്ലാത്ത വിനോദ സഞ്ചാരിണിയല്ല. ആണിനെപ്പോലെയോ അതിലേറെയോ അയ്യപ്പതത്വമായ 'തത്വമസി' ഗ്രഹിക്കുന്ന ആത്മചൈതന്യം ഉള്ള സഹജീവിയാണ്. പുരുഷനോളം ആദ്ധ്യാത്മികമായി ഉയരാൻ കഴിവുള്ള, ശരീരത്തിന്റെ പരിമിതികളെ അപാരമായ മനഃശുദ്ധി കൊണ്ട് അതിജീവിക്കുന്നവളാണ്. അവളുടെ ശരീരത്തിലാരോപിയ്ക്കപ്പെടുന്ന ചാക്രികമായ അശുദ്ധി വാസ്തവത്തിൽ മനുഷ്യ വംശത്തെയാകെ നിലനിറുത്തി പോരുന്ന ഉർവരതയുടെ വിശുദ്ധരക്തമാണ്. മുറയിൽ കഴിയുന്ന സ്ത്രീ തൊഴിലിടത്ത് നിന്നും പഠനമുറിയിൽ നിന്നും എന്തിനു സ്വന്തം സഹോദരങ്ങൾ ഉള്ള വീട്ടിനുള്ളിൽ നിന്നുപോലും അകറ്റപ്പെട്ടിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. അതെല്ലാം ആർത്തവത്തോടുള്ള അബദ്ധ സമീപനങ്ങളുടെ ഇരുണ്ട കാലമായിരുന്നു. ഇന്നത് ഗർഭപാത്രത്തിന്റെ ഒരു കേവല പ്രകൃതി നിയമമാണ്.
'അത് നീ തന്നെയാകുന്നു ' എന്ന തത്വം ശിരസിലേറ്റുന്ന മഹായോഗിയായ ചിന്മുദ്രയിലാണ്ട ബൗദ്ധ പാരമ്പര്യമുള്ള ഹൈന്ദവ ഈശ്വരീയത അയ്യപ്പഭക്തനെ ഭാഷാദേശാന്തരങ്ങൾക്കപ്പുറം ബാധിക്കുന്നത് , അവനെ ഒരു പുരാതന കാനനക്ഷേത്രത്തിൽ ലയിപ്പിക്കുന്നത് ശരീരത്തിനപ്പുറം അവന് ആ യാത്ര നിലനിൽപ്പ് പകരുന്നത് കൊണ്ടാണ്. ഇതര ക്ഷേത്രങ്ങളിലൊക്കെ ദേവീദേവന്മാർ അനുഗ്രഹം ചൊരിഞ്ഞു നിൽക്കുമ്പോൾ അയ്യപ്പവിഗ്രഹദർശന മാത്രയിൽ അവന്റെ ശരീരമാകെ വൈദ്യുതി പ്രവഹിക്കുന്നതും മലയിറങ്ങി പോന്നിട്ടും പോകാത്ത ചൈതന്യം വർഷം മുഴുവൻ അവനെ പിന്തുടരുന്നതും പിന്നെയും പമ്പയും കരിനീലി മലകളും ശരംകുത്തിയും അവനെ മടക്കി വിളിക്കുന്നതും അയ്യപ്പതത്വം ഹിന്ദുമതത്തിന്റെ കാലികമായ അപഭ്രംശങ്ങളെ നിഷേധിക്കുകയും തിരുത്തുകയും ചെയ്യുന്നതിനാലാണ്. അതിബ്രാഹ്മണവത്കരിക്കപ്പെട്ട മീമാംസക സമൃദ്ധിയ്ക്കപ്പുറം വാവരെയും മാളികപ്പുറത്തമ്മയെയും പ്രതിഷ്ഠിച്ച് ആരാധിക്കാനുള്ള ഗോത്രീയ സൗമനസ്യം മധ്യകാലഘട്ടത്തിലെ സനാതന ധർമത്തെ അധഃപതിപ്പിച്ച അധർമങ്ങളെ പാപപരിഹാരം ചെയ്യിക്കുന്നു.
ജാതിവ്യവസ്ഥയുടെയും ജന്മവർണാശ്രമ വ്യവസ്ഥയുടെയും അതിരുകൾ ലംഘിച്ച് യോഗനിദ്രയിലാണ്ട ചിന്മുദ്രാങ്കിതന്റെ അനുഗ്രഹംതേടാനും അവന്റെ ചൈതന്യത്തിൽ ലയിക്കാനുമുള്ള 'അവൾ അയ്യപ്പന്റെ" സ്വാതന്ത്ര്യത്തിൽ പങ്കുചേരുകയാണ് ഹിന്ദു എന്ന് സ്വയംമനസിലാക്കുന്ന ഓരോരുത്തരും ചെയ്യേണ്ടത്.അവളെ സുരക്ഷിതയായി മല ചവിട്ടിക്കേണ്ട ഉത്തരവാദിത്തമാണ് നമ്മൾ ഏറ്റെടുക്കേണ്ടത് . ദർശന സൗകര്യം മണ്ഡലകാലത്തെ തിരക്കിൽ വേണോ മാസപൂജ ദിനങ്ങളിൽ വേണോ എന്നൊക്കെതീരുമാനിക്കാൻ , സാങ്കേതിക വിദ്യ ഇത്രകണ്ടു വികസിച്ച, ചന്ദനക്കുറിയും അരിമ്പാറയും കണ്ടുപിടിച്ച് ഉപഗ്രഹത്തിന് നമ്മളെ തിരിച്ചറിയാവുന്ന ഈ കാലത്തു ഒരു പ്രശ്നമാണെന്ന്കരുതുന്നില്ല. സന്നിധാനത്തു കടക്കുന്ന ഓരോ മനുഷ്യജീവിയെയും തിരിച്ചറിഞ്ഞ് ദർശനം ക്രമീകരിക്കാനും സുരക്ഷാ വിഭാഗത്തിന് കഴിയും.
കോടതിയും ജഡ്ജിയും വിധിയും നിയമവും ഒക്കെ ഒരു നിമിത്തമാണ്. അയ്യപ്പതത്വം ഇന്നവളെ ഭക്തയായി, അയ്യപ്പനായി സ്വീകരിയ്ക്കാൻ സമയമായി എന്നതാണ് സത്യം . മീമാംസകന്മാരുടെ സ്വാധീനത്തിൽ നിന്നും വിമോചിപ്പിച്ച് ശങ്കരാചാര്യർ വെളിപ്പെടുത്തിത്തന്ന അദ്വൈത തത്വത്തിലേയ്ക്കും അഭേദത്തിലേയ്ക്കും വന്ന സനാതന ധർമ അറിവ് മലചവിട്ടി വരുന്ന 'അവൾ അയ്യപ്പ"ന്മാരെയും സഹർഷം സ്വാഗതം ചെയ്യും. പൂർണ കുംഭത്തോടെ 'അവൾ അയ്യപ്പനെ' സ്വാഗതം ചെയ്യുകയാണ് ശബരിമലതന്ത്രി ശാന്തി സമൂഹം ചെയ്യേണ്ടത്. തന്ത്രിയും ശാന്തിമാരും അവൾ അയ്യപ്പനെ 'മകൾ അയ്യപ്പനായി' മാത്രം കാണുക. കഴിഞ്ഞു പ്രശ്നം.
ആയുസിന്റെ പകുതിയോളം മല ചവിട്ടിയ അനുഭവത്തിൽ പറയട്ടെ ഇനി 'അവൾ അയ്യപ്പൻ' കൂടി മലയ്ക്ക് വരട്ടേ. അവളുടെ ശരണം വിളിയും ഭഗവാന് പ്രിയമാകട്ടേ. അമ്മയുടെ ആർത്തവരക്തത്തിന്റെ ശക്തിയാണല്ലോ ബീജത്തോട് ചേർന്ന് നമ്മുടെ പുണ്യജന്മം ആയിത്തീരുന്നത്. ആ തുടിപ്പിനെയല്ലോ ഈശ്വരൻ ഗർഭത്തിലും സംരക്ഷിച്ചത്. എങ്ങനെ അശുദ്ധിയുണ്ടാവാനാണ് ഈ ആഹ്ളാദ ഹേതുവിൽ ?
മീമാംസകന്മാർ ദുഷിപ്പിച്ച മധ്യഘട്ടത്തിലെ ഇരുൾ വകഞ്ഞു മാറ്റി എല്ലാവരും ഒന്നാണ് ഒരേ അറിവാണ്; ഒരേ അവകാശമാണ് എന്ന സത്യമാണ് എന്ന് ചിന്തിക്കുകിൽ അയ്യപ്പതത്വം ഗ്രഹിച്ചു എന്നർത്ഥം. അവൾ അയ്യപ്പൻ ഈ അറിവ് ഗ്രഹിക്കാൻ വരട്ടെ. നമ്മുടെയെല്ലാം മകളയ്യപ്പൻ ആകട്ടേ 'അവൾ അയ്യപ്പൻ' .
( ലേഖകൻ കൊച്ചി ചിന്മയ കല്പിത സർവകലാശാലയിൽ പ്രൊഫസറും രജിസ്ട്രാറുമാണ് . അഭിപ്രായം വ്യക്തിപരം)