കൊച്ചി: നഷ്‌ടയാത്രയ്‌ക്ക് താത്‌കാലിക വിരാമമിട്ട് ഇന്ത്യൻ ഓഹരി സൂചികകളും രൂപയും ഇന്നലെ വൻ നേട്ടത്തിലേക്ക് കുതിച്ചു കയറി. കഴിഞ്ഞവാരം ബാരലിന് 85 ഡോളറിന് മുകളിലായിരുന്ന ക്രൂഡോയിൽ വില, 81 ഡോളറിലേക്ക് താഴ്‌ന്നതാണ് നേട്ടമായത്. ഡോളറിനെതിരെ 57 പൈസ മുന്നേറിയ രൂപ 73.56ൽ വ്യാപാരം അവസാനിപ്പിച്ചു.
സെൻസെക്‌സ് 732 പോയിന്റുയർന്ന് (2.15 ശതമാനം) 34,733ലും നിഫ്‌റ്രി 237 പോയിന്റ് (2.32 ശതമാനം) മുന്നേറി 10,472 പോയിന്റിലും വ്യാപാരം പൂർത്തിയാക്കി. 2016 മാർച്ചിന് ശേഷം സെൻസെക്‌സ് കുറിക്കുന്ന ഏറ്രവും ഉയർന്ന ഏകദിന മുന്നേറ്റമാണിത്. ഐ.ടി., ലോഹ ഓഹരികൾ ഒഴികെയുള്ളവ ഇന്നലെ സെൻസെക്‌സിന്റെ കുതിപ്പിന് പിന്തുണയേകി. ആഗോള ഓഹരി വിപണികളുടെ നേട്ടവും കരുത്തായി. മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കോൾ ഇന്ത്യ, കോട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഓട്ടോ എന്നിവയാണ് ഇന്നലെ വൻ മുന്നേറ്രം നടത്തിയ ഓഹരികൾ.