ന്യൂയോർക്ക് : മീ ടു കാമ്പെയിനിൽ ലൈംഗികാരോപണങ്ങളുന്നയിക്കുന്ന സ്ത്രീകൾ തെളിവ് നൽകുന്ന കാര്യത്തിലും ശ്രദ്ധിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭാര്യയും പ്രഥമ വനിതയുമായ മെലാനിയ ട്രംപ് പറഞ്ഞു. വിവാദ വെളിപ്പെടുത്തലുകൾ നടത്തുന്നത് മാത്രമായി മീ ടൂ കാമ്പെയിൻ ചുരുങ്ങരുത്. മീ ടൂ കാമ്പെയിനിനെ പിന്തുണയ്ക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, ലൈംഗിക ആരോപണങ്ങളുന്നയിക്കുന്ന സ്ത്രീകളെ പിന്തുണയ്ക്കുന്നു, എന്നാൽ ആരോപണ വിധേയരാകുന്ന പുരുഷൻമാരെ തള്ളിക്കളയാൻ സാധിക്കില്ലെന്നായിരുന്നു മറുപടി. തെളിവില്ലാത്ത ആരോപണങ്ങൾക്ക് വിലയില്ല. സ്ത്രീകളുടെ പ്രശ്നങ്ങൾ കേൾക്കേണ്ടതാണ്. അതോടൊപ്പം പുരുഷൻമാരെയും പിന്തുണയ്ക്കണം. ആഫ്രിക്കൻ സന്ദർശനത്തിനിടെ കെനിയയിൽ വച്ച് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മെലാനിയ പ്രതികരിച്ചത്. അമേരിക്കൻ തെരഞ്ഞെടുപ്പ് സമയത്ത് ട്രംപിനെതിരെ പത്തോളം സ്ത്രീകൾ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. അന്നും തെളിവുകൾ ഹാജരാക്കണമെന്നായിരുന്നു മെലാനിയയുടെ നിലപാട്.