റിയാദ്: അന്താരാഷ്ട്ര സൗഹൃദപോരാട്ടങ്ങളിൽ അർജന്റീനയും സ്പെയിനും തകർപ്പൻ ജയം നേടിയപ്പോൾ ലോകചാമ്പ്യൻമാരായ ഫ്രാൻസ് സമനിലയിൽ കുടുങ്ങി.
ലയണൽ മെസിയുൾപ്പെടെയുള്ള സൂപ്പർതാരങ്ങൾ ഇല്ലാതെ യുവതാരങ്ങളുമായിറങ്ങിയ അർജന്റീന ഇറാഖിനെ മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് തകർത്തത്. റിയാദിലെ പ്രിൻസ് ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലൗട്ടാരോ മാർട്ടിനസ്, റോബർട്ടോ പെരെയ്ര, ജർമ്മൻ പെസ്സെല്ല, ഫ്രാങ്കോ കെർവി എന്നിവരാണ് അർജന്റീനയ്ക്കായി ലക്ഷ്യം കണ്ടത്. നാല് പേരുടെയും ആദ്യ അന്താരാഷ്ട്ര ഗോളുകളായിരുന്നു മത്സരത്തിൽ പിറന്നത്. മെസിയെക്കൂടാതെ അഗ്യൂറോയും ഹിഗ്വയിനും ഡി മരിയയും ഒന്നുമില്ലാതിറങ്ങിയ അർജന്റീനൻ ടീമിൽ ഡിബാലയും റൊമീറോയും മെസയുമായിരുന്നു പരിചയ സമ്പന്നർ. പക്ഷേ മത്സരത്തിന്റെ സമസ്ഥമേഖലയിലും അർജന്റീനയുടെ ആധിപത്യമായിരുന്നു. ബാൾ പൊസഷനിലും തൊടുത്ത ഷോട്ടുകളുടെ കണക്കിലും അർജന്റീന ബഹുദൂരം മുന്നിലായിരുന്നു. 18-ാം മിനിറ്റിൽ ഇന്റർമിലാൻ താരം മാർട്ടിനസിലൂടെയാണ് അർജന്റീന ഗോൾ അക്കൗണ്ട് തുറന്നത്.
തുടർന്ന് 53-ാം മിനിറ്റിൽ ഡിബാലയുടെ പാസിൽ നിന്ന് വാറ്റ്ഫോർഡിന്റെ പെരെയ്ര അവരുടെ രണ്ടാം ഗോൾ നേടി.സാവില്ലോ 82-ാം മിനിറ്റിലും മികച്ചൊരു സോളോ ഗോളിലൂടെ കെർവി രണ്ടാം പകുതിയുടെ അധിക സമയത്തും ഇറാഖിന്റെ വലകുലുക്കുകയായിരുന്നു.16ന് ചിരവൈരികളായ ബ്രസീലിനെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം.
മാഞ്ചസ്റ്റർ യുണൈറ്രഡിന്റെ ഇതിഹാസതാരം റയാൻ ഗിഗ്സിന്റെ പരിശീലനത്തിൻ കീഴിലിറങ്ങിയ വേൽസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് വീഴ്ത്തിയാണ് സ്പെയിൻ തകർപ്പൻ ജയം ആഘോഷിച്ചത്. ഇരട്ടഗോളുമായി തിളങ്ങിയ പാക്കോ അൽകാസറാണ് സ്പെയിനിന്റെ വിജയ ശില്പി. സെർജിയോ റാമോസ്, മാർക് ബർട്ര എന്നിവരും സ്പെയിനിനായി ലക്ഷ്യം കണ്ടു. സാം വോക്സാണ് വേൽസിന്റെ ആശ്വാസ ഗോൾ നേടിയത്.
ലോകഫുട്ബാളിലെ അദ്ഭുത ടീം ഐസ്ലൻഡാണ് നിലവിലെ ലോകചാമ്പ്യൻമാരായ ഫ്രാൻസിനെ 2-2ന്റെ സമനിലയിൽ തളച്ചത്. രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഒരു സെൽഫ് ഗോളിന്റെയും പെനാൽറ്റിയുടെയും ആനുകൂല്യത്തിൽ ഫ്രാൻസ് സമനില പിടിച്ചത്.ബജാർനസണും അർനാസണുമാണ് ഐസ്ലൻഡിനായി ഗോളുകൾനേടിയത്.ഐസ്ലൻഡിന്റെ യുജോൽഫ്സണിന്റ വകയായി ലഭിച്ച സെൽഫ് ഗോളും രണ്ടാം പകുതിയുടെ അധികസമയത്ത് കിട്ടിയ പെനാൽറ്റി ഗോളാക്കിയ കെയ്ലിയൻ എംബാപ്പയുമാണ് ഫ്രഞ്ച് പടയെ തോൽവിയിൽ നിന്ന് രക്ഷിച്ചത്. മറ്റ് മത്സരങ്ങളിൽ കൊളംബിയ 4-2ന് യു.എസ്.എയേയും ദക്ഷിണ കൊറിയ 2-1ന് ഉറുഗ്വയേയും ജപ്പാൻ 3-0ത്തിന് പാനമയേയും മെക്സിക്കോ 3-2ന് കോസ്റ്ററിക്കയേയും കീഴടക്കി.