atm-robbery

കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച് രണ്ടിടങ്ങളിൽ എ.ടി.എം കവർച്ച നടത്തിയ ശേഷം സംഘം രക്ഷപ്പെട്ടത് കോട്ടയത്ത് നിന്നും മോഷ‌ണം പോയ പിക്ക് അപ് വാഹനത്തിൽ. ഈ പിക്ക് അപ് വാഹനം പിന്നീട് ചാലക്കുടി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നിന്നും പൊലീസ് കണ്ടെത്തി. മോഷണ ശേഷം പിക് അപിൽ ചാലക്കുടിയിലെത്തിയ സംഘം മറ്റൊരു വാഹനത്തിൽ രക്ഷപ്പെട്ടിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ. സംഘത്തെ കണ്ടെത്തുന്നതിനായി സംസ്ഥാനത്തും പുറത്തും അന്വേഷണം വ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സമാനമായി നടന്ന സംഭവങ്ങളും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. കവർച്ചയ്‌ക്ക് പിന്നിൽ ഒരേ സംഘമാണെന്നാണ് പ്രാഥമിക നിഗമനം.

തൃശൂർ കൊരട്ടിയിലെ സൗത്ത് ഇന്ത്യൻ ബാങ്കിലും കൊച്ചി ഇരുമ്പനത്തെ എസ്.ബി.ഐയുടെ എ.ടി.എമ്മിലുമാണ് പുലർച്ചെ കവർച്ച നടന്നത്. കൊരട്ടിയിൽ നിന്ന് 10 ലക്ഷവും എസ്.ബി.ഐയിൽ നിന്ന് 25 ലക്ഷം രൂപയുമാണ് നഷ്ടമായത്. ഇത് കൂടാതെ കോട്ടയത്തേയും എറണാകുളം കളമശേരിയിലെയും എസ്.ബി.ഐയുടെ എ.ടി.എമ്മുകളും കവർച്ച ചെയ്യാൻ സംഘം ശ്രമിച്ചു. എന്നാൽ എറണാകുളത്ത് എ.ടി.എമ്മിൽ അലാറം അടിച്ചതിനാൽ മോഷ്‌ടാക്കൾ ശ്രമം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.

മോഷ്‌ടാക്കൾ സഞ്ചരിച്ചിരുന്ന വാഹനം കോട്ടയം കോടിമതയിൽ നിന്നും മോഷ‌ണം പോയതാണ്. തങ്ങളുടെ വാഹനം കാണാനില്ലെന്ന് ഉടമസ്ഥർ പരാതി നൽകിയിരുന്നു.