ന്യൂഡൽഹി: സുരക്ഷാ കാരണങ്ങളെത്തുടർന്ന് ലോകത്താകമാനം അടുത്ത 48 മണിക്കൂർ ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെടുമെന്നും ഇന്റർനെറ്റ് വഴിയുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കണമെന്നും വാർത്തകളുണ്ടായിരുന്നു. ഇന്റർനെറ്റ് ഉപഭോക്താക്കളുടെ എണ്ണത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യയിൽ ഇക്കാര്യം എങ്ങനെ ബാധിക്കുമെന്നത് ആശങ്കയ്‌ക്ക് ഇടയാക്കിയിരുന്നു. എന്നാൽ ലോകത്താകമാനം സംഭവിക്കുന്ന ഇന്റർനെറ്റ് പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ലെന്ന് കേന്ദ്രസർക്കാരിന്റെ സൈബർ സുരക്ഷാ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. അടിയന്തര സാഹചര്യത്തെ നേരിടാൻ എല്ലാ മുൻകരുതലുകളും എടുത്തെന്നും ഇന്ത്യയിൽ ഇന്റർനെറ്റ് പ്രതിസന്ധിയുണ്ടാകില്ലെന്നും ദേശീയ സൈബർ സുരക്ഷ കോർഡിനേറ്റർ ഗുൽഷൻ രാജ് ഒരു ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചു.
പതിവ് പരിശോധനകളുടെ ഭാഗമായുള്ള ഷട്ട് ഡൗണിനെത്തുടർന്ന് അടുത്ത 48 മണിക്കൂറിനുള്ളിൽ ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെടുമെന്ന് റഷ്യൻ മാദ്ധ്യമങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്‌തത്. ഡൊമയ്‌ൻ പേരുകൾ സംരക്ഷിക്കുന്നതിനായി ക്രിപ്‌റ്റോഗ്രഫിക് കീ മാറ്റുന്നത് മൂലമാണ് ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെടുന്നതെന്നും ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഒഫ് അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്‌സ് (ഐകാന്‍) അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യം മൂലം ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന ആഘാതം ചെറുതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. 99 ശതമാനം ഉപഭോക്താക്കളുടെയും സേവനങ്ങളെ ഇത് ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.