തിരുവനന്തപുരം: ശബരിമലയിൽ പ്രവേശിക്കാൻ എത്തുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറണമെന്ന വിവാദപരാമർശത്തിൽ മാപ്പ് പറഞ്ഞ് നടൻ കൊല്ലം തുളസി. അതൊരു അബദ്ധ പ്രയോഗമായിരുന്നെന്നും പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത അമ്മമാരുടെ പ്രയോഗത്തിൽ ആവേശം തോന്നിയപ്പോൾ നടത്തിയ പ്രതികരണമായിരുന്നു അതെന്നും അദ്ദേഹം ഒരു ഓൺലെെൻ മാദ്ധ്യമത്തിനോട് പറഞ്ഞു. അയ്യപ്പഭക്തൻ എന്ന നിലയിൽ തന്റെ വേദനയാണ് അവിടെ പങ്കുവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള കൂടി പങ്കെടുത്ത പരിപാടി ആയതിനാൽ ബി.ജെ.പിക്കാരൻ എന്ന നിലയിലാണ് പരാമർശം പ്രചരിച്ചത്. എന്നാൽ ബി.ജെ.പിയുമായി തനിക്ക് ഒരു ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ''നമ്മുടെ വീട്ടിലെ കുട്ടികൾ കളിക്കാൻ പോയി വൈകി വരുമ്പോൾ അവരെ ശാസിക്കാൻ നടത്തുന്ന പ്രയോഗം പോലെ ഉള്ള ഒന്നായിരുന്നു എന്റെ പ്രസ്താവന''- കൊല്ലം തുളസി പറഞ്ഞു.
''പ്രാർത്ഥനായോഗത്തിൽ ഇനിയും പങ്കെടുക്കും. അത് നമ്മുടെ അവകാശത്തിന്റെ ഭാഗമാണ്. ഇവർക്ക് സത്ബുദ്ധി നൽകണമെന്നാണ് പ്രാർത്ഥനായോഗത്തിൽ പ്രാർത്ഥിക്കുന്നത്. മലയാളികളുടെ സ്വകാര്യ സമ്പത്താണ് അയ്യപ്പൻ. അയ്യപ്പന്റെ പൂങ്കാവനം സ്ത്രീകൾ കയറി ആചാരങ്ങൾ തെറ്റിക്കാൻ അനുവദിക്കില്ല. അവിടെ തുടരുന്ന ചില അനുഷ്ഠാനങ്ങൾ തുടരാനുള്ളതാണ്''- തുളസി കൂട്ടിച്ചേർത്തു.