vava
vava

പാമ്പുകൾ വീടിന്റെ പരിസരത്തും വർക്ക് ഏരിയയിലോ മറ്റോയൊക്കെ കയറിയിരിക്കാറുണ്ട്. പക്ഷേ,​ വീടിനുള്ളിൽ കയറുന്നത് അപൂർവമാണ്. കാരണം വീട്ടിൽ എപ്പോഴും ആളനക്കവും മറ്റും ഉണ്ടെന്നത് തന്നെ. എന്നാൽ ചിലപ്പോൾ അവ വീടിനുള്ളിലും കയറും. അങ്ങനെ വീടിനുള്ളിലെ കട്ടിലിനിടയിൽ കയറിയ മൂർഖന്റെ കഥയാണ് ഇത്തവണ.

തിരുവനന്തപുരം - കൊല്ലം ജില്ലാ അതിർത്തിയിലെ പള്ളിക്കൽ പഞ്ചായത്തിൽ നിന്നാണ് ഈ കഥ. ഒരു കുടുംബം താമസിക്കുന്ന കൊച്ചുവീട്ടിനുള്ളിൽ ആയിരുന്നു പെൺമൂർഖന്റെ ഇരിപ്പ്. ഇഴ‌ഞ്ഞ് തളർന്നപ്പോൾ വിശ്രമിക്കാൻ കയറിയതായിരിക്കാം. വാവ സ്ഥലത്തെത്തി. കണ്ടപ്പോഴെ ഉറപ്പിച്ചു മൂർഖൻ തന്നെ. അധികം ആയാസപ്പെടാതെ തന്നെ പാമ്പിനെ പിടിച്ചു. അഞ്ച് വയസ് പ്രായമുള്ള പെണ്ണതിഥി. പക്ഷേ,​ ചില പ്രത്യേകതയുണ്ട്. സാധാരണ കാണുന്ന മൂർഖൻ പാമ്പുകളെക്കാൾ വ്യത്യസ്തം. പത്തിക്ക് താഴെ കഴുത്തുമുതൽ ഇറക്കമുള്ള പാമ്പ്. പിടികൂടിയതു കൊണ്ടുള്ള ദേഷ്യം കൊണ്ടാണോയെന്ന് അറിയില്ല നിരവധി തവണ വാവയ്ക്കു നേരെ അത് ചീറ്റുന്നുണ്ടായിരുന്നു. ആക്രമണവാസന ഒട്ടും കുറഞ്ഞിട്ടില്ല. ശരീരത്തിന് ചില ക്ഷതങ്ങൾ ഏറ്റിരുന്നതിനാൽ ആരെങ്കിലും ഉപദ്രവിക്കുകയോ കീരിയോ മറ്റോ ഓടിച്ചിട്ടുണ്ടാകുമോയെന്ന സംശയവും വാവ പ്രകടിപ്പിച്ചു. കാണാം ആ പാമ്പിനെ പിടികൂടുന്ന കാഴ്ച