മുംബയ്: സ്റ്റേറ്റ് ബാങ്ക് ഒഫ് മൗറീഷ്യസിന്റെ മുംബയ് ശാഖയിൽ സൈബർ കൊള്ള വഴി 143 കോടി രൂപ തട്ടി. ഹാക്കിംഗിലൂടെയാണ് വിവിധ അക്കൗണ്ടുകളിലൂടെ പണം തട്ടിയെടുത്തത്. ബാങ്ക് അധികൃതർ തന്നെയാണ് ഇതു സംബന്ധിച്ച് മുംബയ് പൊലീസിന്റെ ഇക്കണോമിക് ഒഫൻസസ് വിംഗിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയത്. എസ്.ബി.എമ്മിന്റെ മുംബയ് നരിമാൻ പോയിന്റ് ബ്രാഞ്ചിലാണ് സൈബർ കൊള്ള നടന്നത്. വിദേശ അക്കൗണ്ടുകളിലേക്കാണ് പണം ട്രാൻസ്‌ഫർ ചെയ്യപ്പെട്ടിരിക്കുന്നത്. ഇക്കണോമിക് ഒഫൻസസ് വിംഗും സൈബർ സെല്ലും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മാൽവെയർ അറ്റാക്ക് ആണോ നടന്നത് എന്നതടക്കമുള്ള വിവരങ്ങൾ പരിശോധിച്ചുവരുകയാണ്.
എസ്.ബി.എം ജീവനക്കാരിൽ ആരെങ്കിലും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാനായി ആഭ്യന്തര അന്വേഷണവും നടത്തുന്നുണ്ട്. എന്നാൽ ഭാവി പദ്ധതികൾക്കായി ആവശ്യത്തിന് ഫണ്ട് ഉള്ളതിനാൽ ഉപഭോക്താക്കളെ ബാങ്കിന്റെ നഷ്ടം ബാധിക്കില്ലെന്നും ബാങ്ക് അധികൃതർ അറിയിച്ചു. എസ്.ബി.എം ഇന്ത്യയ്ക്ക് മുംബയ്ക്ക് പുറമെ ചെന്നൈയിലും ഹൈദരാബാദിലും ആന്ധ്രാപ്രദേശിലെ രാമചന്ദ്രപുരത്തും ശാഖകളുണ്ട്. ആഗസ്റ്റിൽ മഹാരാഷ്ട്രയിലെ കോസ്‌മോസ് ബാങ്ക് പ്രൈവറ്റ് ലിമിറ്റഡിലും സൈബർ കൊള്ള നടന്നിരുന്നു. ആഗസ്റ്റ് 9,10 തീയതികളിൽ നടന്ന ബാങ്ക് കൊള്ളയിൽ 94.24 കോടി രൂപ നഷ്ടമായിരുന്നു.