ദുബായ്: 'കേരളകൗമുദി' യു.എ.ഇയിലെ പ്രവാസികൾക്ക് ഒരുക്കുന്ന 'കെ.എസ്.എഫ്.ഇ പ്രവാസിചിട്ടി കൗമുദി നൈറ്റ് ' കലാവിരുന്ന് പ്രശസ്‌ത ഗായകൻ വിനീത് ശ്രീനിവാസൻ ഉദ്ഘാടനം ചെയ്‌തു. അജ്‌മാനിലെ റമദാ ഹോട്ടൽ ആൻഡ് സ്യൂട്ട്സിലെ ദി മജസിറ്റിക് ബാൾ റൂമിൽ നടക്കുന്ന ചടങ്ങിലേക്ക് യു.എ.ഇയിലെ ഏഴ് എമിറേറ്റ്‌സുകളിൽ നിന്നും പ്രവാസി മലയാളികൾ ഒഴുകിയെത്തി. വിനീത് ശ്രീനിവാസന്റെ ബാൻഡ് സംഗീതനിശയുമായി ആദ്യമായി യു.എ.ഇയിൽ അരങ്ങിലെത്തുന്നത് കൗമുദി നൈറ്റിലാണെന്ന പ്രത്യേകതയുമുണ്ട്. പുതുമുഖ നായിക അനുസിതാരയുടെയും സംഘത്തിന്റെയും നൃത്തപരിപാടിയാണ് കൗമുദിനൈറ്റിന്റെ മറ്റൊരു ആകർഷണം. ഇന്നലെ അജ്മാനിലെത്തിയ അനുസിതാര, ഷാർജയിലെ ക്യാമ്പിലെത്തി പരിശീലനത്തിൽ പങ്കെടുത്തിരുന്നു. ചിരിയുടെ മാലപ്പടക്കവുമായി മനോജ് ഗിന്നസ്, പഴയകാല ഗാനങ്ങളുമായി ആലപ്പി ബെന്നി എന്നിവരും കെ.എസ്.എഫ്.ഇ പ്രവാസിചിട്ടി കൗമുദി നൈറ്റിൽ അണിനിരക്കും. സേവനം ഷാർജ എമിറേറ്റ്സ് സെന്റർ കമ്മിറ്റി അംഗങ്ങൾ ഒരുക്കുന്ന ശ്രീനാരായണഗുരുദേവന്റെ അർദ്ധനാരീശ്വര സ്‌തവത്തിന്റെ രംഗാവിഷ്കാരവും ഉണ്ടാകും.